Skip to content

ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളർമാരാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഷഹീൻ അഫ്രീദിയും. മറ്റുള്ള പേസർമാരിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് പുലർത്തുന്ന താരങ്ങളാണ് ബുംറയും ഷഹീൻ. ഏഷ്യ കപ്പ് നഷ്ടപെട്ടതിന് ശേഷം ഇരുവരും ഐസിസി ടി20 ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുമ്പോൾ ഇരുവരിൽ നിന്നും ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.

ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ഇരുവരിൽ നിന്നും ഏറ്റവും മികച്ച ബൗളറെ പോണ്ടിങ് തിരഞ്ഞെടുത്തത്. മൂന്ന് ഫോർമാറ്റിലും ഇരുവരും മികവ് പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യൻ പേസർ ബുംറയെയാണ് ഏറ്റവും മികച്ച ബൗളറായി പോണ്ടിങ് തിരഞ്ഞെടുത്തത്. അതിന് പിന്നിലെ കാരണം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ വിശദീകരിച്ചു.

” നോക്കൂ, ഇവരെ രണ്ടുപേരെയും എങ്ങനെയാണ് വേർതിരിച്ച് കാണാൻ സാധിക്കുക. കളിയുടെ എല്ലാ ഫോർമാറ്റിലും കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ബൗളർമാരാണവർ ”

” എക്സ്പീരിയൻസിൻ്റെ കാര്യം പരിഗണിച്ചുകൊണ്ട് ഇവരിൽ ബുംറയെ തന്നെ ഞാൻ തിരഞ്ഞെടുക്കും. അവൻ ഓസ്ട്രേലിയയിൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ അഫ്രീദിയേക്കാൾ കൂടുതൽ ടൂർണമെൻ്റുകൾ ബുംറ കളിച്ചിട്ടുണ്ട്. ” റിക്കി പോണ്ടിങ് പറഞ്ഞു.