Skip to content

വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി ഭുവനേശ്വർ കുമാറിൻ്റെ മോശം പ്രകടനം, നാലോവറിൽ വഴങ്ങിയത് 52 റൺസ്

ഐസിസി ടി20 ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീമിന് ആശങ്ക സമ്മാനിച്ച് സീനിയർ താരം ഭുവനേശ്വർ കുമാർ അടക്കമുള്ള ബൗളിങ് നിരയുടെ മോശം പ്രകടനം. ഏഷ്യ കപ്പിലെ നിർണായക മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി താരം മികവ് പുലർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഏഷ്യ കപ്പിലെ പതിവ് തുടർന്നിരിക്കുകയാണ് ഭുവനേശ്വർ കുമാർ.

ഇന്ത്യ നാല് വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ നാലോവറിൽ 52 റൺസാണ് ഭുവി വഴങ്ങിയത്. താരത്തിന് വിക്കറ്റ് ഒന്നും തന്നെ നേടാൻ സാധിച്ചില്ല. അവസാന രണ്ടോവറിൽ 18 റൺസ് വേണമെന്നിരിക്കെ പത്തൊമ്പതാം ഓവറിൽ 16 റൺസ് ഭുവനേശ്വർ കുമാർ വിട്ടുകൊടുത്തു. ഇതേ പിഴവ് ഏഷ്യ കപ്പിലും താരം ആവർത്തിച്ചിരുന്നു. ടി20 ക്രിക്കറ്റിൽ ചേസിങിൽ അവസാന ഓവറിനേക്കാൾ പ്രാധാന്യം 19 ആം ഓവറാണ്. അവിടെയാണ് വീണ്ടും വീണ്ടും ഭുവനേശ്വർ കുമാർ പരാജയപെടുന്നത്.

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പത്തൊമ്പതാം ഓവറിൽ 14 റൺസ് വഴങ്ങിയ ഭുവി പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പത്തൊമ്പതാം ഓവറിൽ 19 റൺസ് വിട്ടുകൊടുത്തിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപെടുകയും ഏഷ്യ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

ഭുവനേശ്വർ കുമാറിന് മാത്രമല്ല പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേലിനും മികവ് പുലർത്താൻ സാധിച്ചില്ല. നാലോവറിൽ 47 റൺസ് ഹർഷൽ പട്ടേൽ വഴങ്ങി. ലോകകപ്പിനുള്ള ടീമിലെ പ്രധാന ബൗളർമാരാണ് ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും. ലോകകപ്പിന് മുമ്പ് ഇരുവർക്കും താളം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അത് കനത്ത തിരിച്ചടിയാകും.