Skip to content

തകർത്തടിച്ച് മാത്യൂ വേഡും കാമറോൺ ഗ്രീനും ആദ്യ ടി20 യിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയം നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

തകർപ്പൻ തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ പത്തോവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 109 റൺസ് ഓസ്ട്രേലിയ നേടി. ഓപ്പണറായി ഇറങ്ങിയ യുവതാരം കാമറോൺ ഗ്രീൻ 30 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 22 റൺസും സ്റ്റീവ് സ്മിത്ത് 24 പന്തിൽ 35 റൺസും നേടി പുറത്തായി.

ഗ്ലെൻ മാക്സ്വെൽ ഒരു റൺ മാത്രം നേടി പുറത്തായെങ്കിലും 21 പന്തിൽ പുറത്താകാതെ 6 ഫോറും 2 സിക്സും അടക്കം 45 റൺസ് മാത്യൂ വേഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു. അരങ്ങേറ്റക്കാരൻ ടിം ഡേവിഡ് 18 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് രണ്ടോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ നാലോവറിൽ 52 റൺസ് വഴങ്ങിയപ്പോൾ ഹർഷൽ പട്ടേൽ നാലോവറിൽ 49 റൺസ് വഴങ്ങി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. 25 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഹാർദിക് പാണ്ഡ്യ 7 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 71 റൺസ് നേടി. കെ എൽ രാഹുൽ 35 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 55 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 24 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പടെ 46 റൺസ് നേടി.

ഓസ്ട്രേലിയക്ക് വേണ്ടി നതാൻ എല്ലിസ് നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും നേടി. സെപ്റ്റംബർ 23 ന് നാഗ്പൂരിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.