Skip to content

കോഹ്ലി സച്ചിനെ മറികടക്കുമോ, മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.

ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ഈ ചോദ്യം റിക്കി പോണ്ടിങിന് മുൻപിലെത്തിയത്. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനൊപ്പം കോഹ്ലിയെത്തിയിരുന്നു. തനിക്കൊപ്പമെത്താൻ കോഹ്ലി ഇത്രയും സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യക്തമാക്കിയ പോണ്ടിങ് കോഹ്ലിയ്‌ക്ക് സച്ചിനെ മറികടക്കാൻ സാധിക്കില്ലെന്ന് പറയാനാകില്ലെന്നും വ്യക്തമാക്കി.

” നിങ്ങൾ മൂന്ന് വർഷം മുൻപ് ഈ ചോദ്യം ചോദിച്ചിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും അതെയെന്ന് ഉത്തരം നൽകുമായിരുന്നു. പക്ഷേ ആ സാധ്യതകൾ ഇപ്പോൾ ഏറെ മന്ധഗതിയിലായിരിക്കുന്നു. ഇപ്പോഴും അവതിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതവന് സാധ്യമാണ്, അക്കാര്യത്തിൽ സംശയമില്ല. ”

” ഒരുപാട് വർഷങ്ങൾ ഇപ്പോഴും അവന് മുൻപിലുണ്ട്. പക്ഷേ ഇനിയും 30 അന്താരാഷ്ട്ര സെഞ്ചുറികൾക്ക് അവൻ പിന്നിലാണ്. അത് ഒരുപാടാണ്. അതായത് അടുത്ത മൂന്നോ നാലോ വർഷത്തേക്ക് ഒരു വർഷത്തിൽ അഞ്ചോ ആറോ ടെസ്റ്റ് സെഞ്ചുറികൾ അവൻ നേടണം. അതിനൊപ്പം രണ്ടോ മൂന്നോ ഏകദിന സെഞ്ചുറിയുടെ ഒപ്പം ടി20 സെഞ്ചുറിയും. ” റിക്കി പോണ്ടിങ് പറഞ്ഞു.

” കോഹ്ലിയ്‌ക്ക് സാധിക്കില്ലെന്ന് ഒരിക്കലും പറയാനാകില്ല. കാരണം റൺസ് നേടാൻ ഏറെ ആഗ്രഹം അവനുള്ളിലുണ്ട്, വിജയിക്കാൻ എത്രത്തോളം ഉത്സാഹം അവൻ കാണിക്കുമെന്നും നിങ്ങൾക്കറിയാം. അതുകൊണ്ട് ഞാൻ ഒരിക്കലും അവന് സാധിക്കില്ലെന്ന് പറയില്ല. ” റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.