ഇന്ത്യയുടെ രണ്ടാമനാകുവാൻ കോഹ്ലിക്ക് ഇനി വേണ്ടത് വെറും 63 റൺസ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി 63 റൺസ് കൂടെ നേടിയാൽ വമ്പൻ നേട്ടത്തിൽ ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കുവാൻ കോഹ്ലിക്ക് സാധിക്കും.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 522 ഇന്നിങ്സിൽ നിന്നും 53.81 ശരാശരിയിൽ 24002 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ഇനി 63 റൺസ് കൂടെ നേടുവാൻ സാധിച്ചാൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി മാറുവാൻ കോഹ്ലിയ്‌ക്ക് സാധിക്കും.

782 ഇന്നിങ്സിൽ നിന്നും 100 സെഞ്ചുറിയും 164 ഫിഫ്റ്റിയും ഉൾപ്പടെ 48.52 ശരാശരിയിൽ 34357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്തുള്ളത്.

599 ഇന്നിങ്സിൽ നിന്നും 45.57 ശരാശരിയിൽ 24064 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി രാഹുൽ ദ്രാവിഡ് നേടിയിട്ടുള്ളത്. ഇതുകൂടാതെ ഐസിസി ഇലവനും ഏഷ്യ ഇലവനും വേണ്ടി ഏതാനും മത്സരങ്ങൾ ദ്രാവിഡ് കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കാൻ 207 റൺസ് കൂടെ കോഹ്ലിയ്‌ക്ക് വേണം.