Skip to content

അന്നത് ധോണിയായിരുന്നു, ഇപ്പോൾ അത് കോഹ്ലിയാണ്, താരങ്ങളെയല്ല ഇന്ത്യൻ ക്രിക്കറ്റിനെ ആരാധിക്കൂ, ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധനയ്ക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. നിലവിലെ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെ ആളുകൾ അമാനുഷികനായി ചിത്രീകരിക്കുന്നതിനെയാണ് ഗംഭീർ എതിർത്തിരിക്കുന്നത്. താരങ്ങൾക്കല്ല ഇന്ത്യൻ ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും മുൻ ഇന്ത്യൻ ഓപ്പണർ പ്രതികരിച്ചു.

” ഡ്രസിങ് റൂമിൽ ദയവുചെയ്ത് മോൺസ്റ്ററുകളെ സൃഷ്ടിക്കരുത്. ഒരു വ്യക്തിയ്ക്കല്ല ഇന്ത്യൻ ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. ”

” ഈ താരാരാധന മുഴുവൻ അടുത്ത താരത്തെ ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആരും തന്നെ ആ നിഴലിൽ നിന്നും വളർന്നിട്ടില്ല. നേരത്തെ അത് എം എസ് ധോണിയായിരുന്നു. ഇപ്പോഴത് വിരാട് കോഹ്ലിയാണ്. ” ഗംഭീർ പറഞ്ഞു.

” വിരാട് കോഹ്ലി അന്ന് സെഞ്ചുറി നേടിയപ്പോൾ അതേ മത്സരത്തിൽ മീററ്റിലെ ഒരു ചെറുപട്ടണത്തിൽ നിന്നുള്ള ഒരാൾ (ഭുവനേശ്വർ കുമാർ) അഞ്ച് വിക്കറ്റ് നേടിയിരുന്നു. ആരും തന്നെ അന്നവനെ കുറിച്ച് സംസാരിക്കാൻ പോലുമുണ്ടായിരുന്നില്ല. അത് നിർഭാഗ്യകരമായിരുന്നു. കമൻ്ററിയ്ക്കിടെ ഞാൻ മാത്രമാണ് അവനെ കുറിച്ച് പറഞ്ഞത്. “

” അവൻ നാലോവറിൽ അഞ്ച് വിക്കറ്റ് നേടി, അതിനെ കുറിച്ച് ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു. കോഹ്ലി സെഞ്ചുറി നേടിയപ്പോൾ രാജ്യം മുഴുവൻ ആഘോഷിച്ചു. ഈ താരാരാധനയിൽ നിന്നും ഇന്ത്യ പുറത്തുവരണം. അത് ഇന്ത്യൻ ക്രിക്കറ്റ് ആയാലും രാഷ്ട്രീയമായാലും ഡൽഹി ക്രിക്കറ്റ് ആയാലും. താരങ്ങളെ ആരാധിക്കുന്നത് അവസാനിപ്പിക്കണം. നമ്മൾ ആരാധിക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റിനെയാണ് അല്ലാതെ താരങ്ങളെയല്ല. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.