Skip to content

ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഏതൊരു ഘട്ടത്തിലായാലും വിരാട് കോഹ്ലിയെ എഴുതിതള്ളരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കിങ് കോഹ്ലിയെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്.

2019 ന് ശേഷം സെഞ്ചുറി നേടാൻ സാധിക്കാത്തതിനെ തുടർന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും കോഹ്ലിയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ കാലയളവിലും മറ്റുള്ള പല താരങ്ങളേക്കാൾ കൂടുതൽ റൺസും ഫിഫ്റ്റിയും കോഹ്ലി നേടിയിരുന്നു. എന്നാൽ സെഞ്ചുറിയില്ലെന്ന പരാതി ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ കോഹ്ലി പരിഹരിച്ചുകൊടുത്തു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കിങ് കോഹ്ലി സ്വന്തമാക്കി.

” ഏതൊരു ഘട്ടത്തിലും വിരാട് കോഹ്ലിയെ എഴുതിതള്ളണമെങ്കിൽ നിങ്ങൾ അത്രയും ധീരനായ വ്യക്തിയായിരിക്കണം. താൻ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്ന് കഴിഞ്ഞ 15 വർഷത്തിൽ കോഹ്ലി തെളിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് ടി20 ക്രിക്കറ്റിൽ, ഇത്രയും കാലം അവൻ്റെ കളി രീതിയിൽ വളരെയധികം വളർച്ച നേടി. വിരാട് കോഹ്ലിയ്ക്കെതിരെ കളിക്കുമ്പോൾ കഴിവിൻ്റെ പരമാവധി തയ്യാറെടുക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. ” ആരോൺ ഫിഞ്ച് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ആരോൺ ഫിഞ്ച് നിലവിലെ തൻ്റെ ഫോമിനെ കുറിച്ചും മനസ്സുതുറന്നു. ഏകദിന ക്രിക്കറ്റിൽ നിന്നും വിപരീതമായി ടി20 ക്രിക്കറ്റിൽ മികവ് പുലർത്താൻ തനിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഫിഞ്ച് വിമർശനങ്ങൾ തന്നെ ബാധിക്കുകയില്ലെന്നും പറഞ്ഞു.