Skip to content

ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിമർശങ്ങളോട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്.

” എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. ഡ്രസിങ് റൂമിൽ സമ്പൂർണരായി ആരും തന്നെയില്ല. എല്ലാരും ഓരോ കാര്യത്തിനായി പ്രവർത്തിക്കുകയാണ്. ഓരോരുത്തർക്കും പ്രത്യേക റോൾ ചെയ്യാനുണ്ട്. സ്ട്രൈക്ക് റേറ്റ് എന്നത് മൊത്തത്തിൽ വിലയിരുത്തേണ്ടതാണ്. ”

” 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കേണ്ടിയിരുന്നത് ബാറ്റ്സ്മാന് അനിവാര്യമായിരുന്നോ അല്ലെങ്കിൽ 100-120 സ്ട്രൈക്ക് റേറ്റിൽ കളിച്ചാലും ടീമിന് വിജയിക്കാൻ കഴിയുമോ ? ഇതൊന്നും ആളുകൾ കാണുന്നില്ല. അതിനെ കുറിച്ചൊന്നും ആരും വിശകലനം ചെയ്യുന്നില്ല. അതുകൊണ്ടാണ് സ്ട്രൈക്ക് റേറ്റ് കുറവായി തോന്നുന്നത്. ” കെ എൽ രാഹുൽ പറഞ്ഞു.

” ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനപെട്ട കാര്യം അവൻ്റെ ക്യാപ്റ്റൻ, പരിശീലകൻ, സഹതാരങ്ങൾ അവനെ കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നതാണ്. ”

” ഓരോ വ്യക്തിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. എല്ലാ തവണയും അതിൽ വിജയിക്കാൻ സാധിക്കില്ല. തെറ്റുകൾ വരുത്തുവാനോ പരാജയപെടാനോ കളിക്കാർ ഭയപെടാത്ത അന്തരീക്ഷമാണ് ഞങ്ങൾ സൃഷ്ടിച്ചത്. ഇതിനായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. ”

” എല്ലാ സമയത്തും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. മറ്റാരേക്കാളും കൂടുതൽ ഞങ്ങൾ ഞങ്ങളെ തന്നെ വിമർശിക്കുന്നു. ലോകകപ്പ് നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് സാധിക്കാതിരുന്നാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഞങ്ങൾ തന്നെയാണ്. ഞങ്ങൾക്ക് സപ്പോർട്ട് സ്റ്റാഫും നേതാവുമുണ്ട്. അവർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അഭിനന്ദിക്കുക മാത്രമല്ല മോശം സമയത്ത് ഓരോ കളിക്കാരനെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.