Skip to content

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഇന്ത്യയ്ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ പരമ്പരയിൽ നിന്നും പുറത്തായി. ഡേവിഡ് വാർണർക്ക് വിശ്രമം അനുവദിച്ച് പരമ്പരയ്ക്കെത്തുന്ന ഓസ്ട്രേലിയക്ക് ഈ മൂന്ന് താരങ്ങളുടെ അഭാവം കൂടുതൽ തിരിച്ചടിയാകും.

പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക്, ഓൾ റൗണ്ടർമാരായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരെയാണ് പരിക്ക് മൂലം ഓസ്ട്രേലിയ പരമ്പരയിൽ നിന്നും ഒഴിവാക്കിയത്. സ്വന്തം നാട്ടിൽ വെച്ചുനടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ ഈ താരങ്ങളുടെ പരിക്ക് ഓസ്ട്രേലിയക്ക് വെല്ലുവിളിയായിരിക്കും. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് മിച്ചൽ മാർഷ്.

പേസർ സീൻ അബോട്ട്, നേതൻ എല്ലിസ്, ഡാനിയൽ സാംസ് എന്നിവരെയാണ് പകരക്കാരായി ഓസ്ട്രേലിയ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ലോകകപ്പിന് മുൻപായി ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും നടക്കുന്ന ടി20 പരമ്പരകളിൽ മൂവരും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ.

മിച്ചൽ മാർഷും സ്റ്റോയിനിസും പുറത്തായതോടെ സിങ്കപ്പൂർ താരം ടിം ഡേവിഡ് ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. ഐ പി എല്ലിലും മറ്റു ടി20 ലീഗുകളിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന താരത്തെ ഐസിസി ടി20 ലോകകപ്പ് ടീമിലും ഓസ്ട്രേലിയ ഉൾപെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 20 ന് മൊഹാലിയിലാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), സീൻ ആബട്ട്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു സാമ്പാ, ആദം സാംപ