Skip to content

കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച കോഹ്ലി പാകിസ്ഥാനെതിരെയും ഹോങ്കോങിനെതിരെയും ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി മികച്ച നേട്ടമുണ്ടാക്കിയത്.

മോശം ഫോമിനൊപ്പം നിരവധി മത്സരങ്ങൾ നഷ്ടമായതിനെ തുടർന്ന് ഐസിസി ടി20 റാങ്കിങിൽ 27 ആം സ്ഥാനത്തേക്ക് കോഹ്ലി പിന്തള്ളപെട്ടിരുന്നു. എന്നാൽ ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ റാങ്കിങിൽ പതിനഞ്ചാം സ്ഥാനത്തെത്തുവാൻ കോഹ്ലിയ്‌ക്ക് സാധിച്ചു.

പതിനാലാം സ്ഥാനത്തുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയും നാലാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവുമാണ് റാങ്കിങിൽ കോഹ്ലിയ്‌ക്ക് മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ. പാക് താരം മൊഹമ്മദ് റിസ്വാനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. സൗത്താഫ്രിക്കൻ താരം ഐഡൻ മാർക്രം രണ്ടാം സ്ഥാനം ബാബർ അസം മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഏഷ്യ കപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രീലങ്കൻ ബൗളർ ഹസരങ്ക റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് ബൗളർമാരുടെ റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബൗളർ.