Skip to content

ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറി മികവിലാണ് മത്സരത്തിൽ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

മികച്ച തുടക്കമാണ് സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ പവർ പ്ലേയിൽ 55 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഷഫാലി 17 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോൾ വെറും 36 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 53 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. 13 ഫോറുകൾ സ്മൃതി മന്ദാനയുടെ ബാറ്റിൽ നിന്നും പിറന്നു. ഹേമലത 9 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ 22 പന്തിൽ പുറത്താകാതെ 29 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇംഗ്ലണ്ട് 37 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 51 റൺസ് നേടിയ പതിനേഴുകാരി ഫ്രെയ കെമ്പിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. മൈയ ബൗചിയർ 26 പന്തിൽ 34 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ റാണ മൂന്ന് വിക്കറ്റും രേണുക സിങ്, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

വിജയത്തോടെ ഇന്ത്യ പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്തി. സെപ്റ്റംബർ 15 നാണ് ടി20 പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.