Skip to content

ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുത്, വിരാട് കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി ഷാഹിദ് അഫ്രീദി

മികച്ച പ്രകടനമാണ് യു എ ഇ യിൽ നടന്ന ഏഷ്യ കപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ടൂർണമെൻ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറിയാണിത്. ഇതിനിടെ ഫോമിൽ തിരിച്ചെത്തിയ കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.

മറ്റുള്ള ഏഷ്യൻ താരങ്ങളെ പോലെ ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുതെന്ന് കോഹ്ലിയോട് നിർദേശിച്ച ഷാഹിദ് അഫ്രീദി മികച്ച ഫോമിൽ തന്നെ നിൽക്കുമ്പോൾ കോഹ്ലി വിരമിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

” വിരാട് കളിച്ച രീതി നോക്കൂ. കരിയറിൻ്റെ തുടക്കത്തിൽ സ്വയം പേരെടുക്കുന്നതിന് മുൻപേ അവനേരെ ബുദ്ധിമുട്ടിയിരുന്നു. അവനൊരു ചാമ്പ്യനാണ്. നിങ്ങൾ വിരമിക്കലിലേക്ക് പോകുമ്പോൾ ഒരു ഘട്ടം വരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ആ സാഹചര്യത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകുകയെന്നതായിരിക്കണം ലക്ഷ്യം. ” ഷാഹിദ് അഫ്രീദി പറഞ്ഞു.

” നിങ്ങളെ ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലേക്ക് ഒരിക്കലും പോവരുത്. ഏറ്റവും ഉയർന്ന ഫോമിലായിരിക്കുമ്പോൾ തന്നെ ആ തീരുമാനമെടുക്കണം. പക്ഷേ അത് അപൂർവ്വമായി മാത്രമാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള വളരെ കുറച്ചാളുകൾ മാത്രമാണ് അത്തരത്തിൽ വിരമിക്കുന്നത്. പക്ഷേ വിരാട് കോഹ്ലി വിരമിക്കുമ്പോൾ അത് രാജകീയമായി തന്നെയാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവൻ അവൻ്റെ കരിയർ ആരംഭിച്ച അതേ രീതിയിൽ ചെയ്യുമെന്ന് എനിക്ക് തോന്നുന്നു. ” ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.