Skip to content

സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും, ലോകകപ്പ് ടീമിൽ അവൻ്റെ പേര് ചർച്ചയ്‌ക്ക് ഉണ്ടായിരുന്നില്ല, ബിസിസിഐ വൃത്തങ്ങൾ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന വേളയിൽ സഞ്ജു സാംസൻ്റെ പേര് ചർച്ചയ്ക്കുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കുന്നതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നില്ലയെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പുറകെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ഏഷ്യ കപ്പിലെ റിഷഭ് പന്തിൻ്റെ മോശം പ്രകടനത്തിന് ശേഷവും സഞ്ജുവിന് ലോകകപ്പ് ടീമിൽ അവസരം ലഭിച്ചില്ലയെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

” സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ച സെലക്ടർമാർ നിലനിർത്തുന്നതിനാൽ സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും. കൂടാതെ പന്തിനെ പുറത്താക്കുന്നതിനെ കുറിച്ച് യാതൊരു ചർച്ചകളും നടന്നിട്ടില്ല. അവൻ ടോപ്പ് ഓർഡറിലെ ഒരേയൊരു ഇടംകൈയ്യൻ ബാറ്റ്സ്മാനാണ്. ഏതൊരു ദിവസവും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അവന് സാധിക്കും. ” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ലോകകപ്പിനുള്ള റിസർവ് പ്ലേയർ ലിസ്റ്റിലോ ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കക്കെതിരെയും നടക്കുന്ന ടി20 പരമ്പരകളിലോ സഞ്ജുവിന് ഇടം ലഭിച്ചില്ല. എന്നാൽ അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.