Skip to content

അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

ബ്രണ്ടൻ മക്കല്ലത്തിനും ബെൻ സ്റ്റോക്സിനും കീഴിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 17 ടെസ്റ്റിൽ ഒന്നിൽ മാത്രം വിജയിച്ച ഇംഗ്ലണ്ട് ഇരുവരുടെയും കീഴിൽ ഏഴിൽ ആറ് ടെസ്റ്റിലും വിജയിച്ചിരുന്നു. ഇംഗ്ലീഷ് സമ്മറിലെ ടീമിൻ്റെ ഈ മികച്ച പ്രകടനത്തിന് പുറകെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ അഭിനന്ദിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം.

ബെൻ സ്റ്റോക്സ് മികച്ച ക്യാപ്റ്റനാകുമെന്ന് തനിക്കറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം മികച്ച ക്യാപ്റ്റനാകുവാൻ സ്റ്റോക്സിന് കഴിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലയെന്നും ടീമിൻ്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നും മക്കല്ലം പറഞ്ഞു.

” അതിശയകരമായ തുടക്കമാണ് ഈ സമ്മറിൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഞങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളികളെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ന്യൂസിലൻഡ് ലോക ചാമ്പ്യന്മാരായ, ഇന്ത്യ മികച്ച ഫോമിലായിരുന്നു, സൗത്താഫ്രിക്കയാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ വെല്ലുവിളിയുടെ വലുപ്പം എത്രത്തോളമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ” ബ്രണ്ടൻ മക്കല്ലം പറഞ്ഞു.

” ടീമിലെ ഒരോരുത്തർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് സന്തോഷകരമാണ്, പ്രത്യേകിച്ചും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനൊപ്പം. അവനൊരു അപൂർവ്വ മനുഷ്യനും അവിശ്വസനീയമായ വ്യക്തിയുമാണ്. ഗെയിമിനെ കുറിച്ച് മികച്ച ചിന്ത അവനുണ്ട്. അവൻ സന്ദേശങ്ങൾ കൈമാറുന്നതിൽ മിടുക്കനാണ്. അവൻ മികച്ച താരമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം മികവ് അവനുണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അവൻ നാച്ചുറൽ ലീഡറാണ്. ക്യാപ്റ്റൻസി അവന് തീർച്ചയായും യോജിക്കുന്നുണ്ട്. ”

” ഞങ്ങളെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ആസ്വാദനം തിരികെ കൊണ്ടുവരികയും ആരാധകർ ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുക യും ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. കൂടാതെ ഈയിടെ സമ്മർദ്ദത്തിലായ ഗെയിമിന് പ്രസക്തി നൽകുകയും ചെയ്യുക, ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. അത് മുൻപോട്ട് തന്നെ പോകും. ” ബ്രണ്ടൻ മക്കല്ലം കൂട്ടിച്ചേർത്തു.