Skip to content

ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ ജന്മവാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായിരുന്ന ഷെയ്ൻ വോൺ ഈ വർഷം മാർച്ച് നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

ഷെയ്ൻ വോണിൻ്റെ ജന്മദിനമായ സെപ്റ്റംബർ 13 ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ താരത്തെ കുറിച്ച് ഓർമകൾ പങ്കുവെച്ചിരുന്നു. വോണുമായി മികച്ച സുഹൃത്ത് ബന്ധം പങ്കിട്ടിരുന്ന സച്ചിൻ വൈകാരികമായ കുറിപ്പ് ട്വിറ്ററിൽ പങ്കിട്ടു.

” നിങ്ങളുടെ ജന്മദിനത്തിൽ ഞാൻ നിന്നെ കുറിച്ചോർക്കുന്നു വോണി. നീ നേരത്തേ വിടപറഞ്ഞു. അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങൾ നിന്നോടൊപ്പം ഉണ്ടായിരുന്നു. ആ നിമിഷങ്ങളെ എല്ലായ്പ്പോഴും ഞാൻ വിലമതിക്കും. ” സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

1992 ൽ ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്നും 708 വിക്കറ്റും 194 ഏകദിന മത്സരങ്ങളിൽ നിന്നും 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 600 വിക്കറ്റും 700 വിക്കറ്റും നേടിയ ബൗളർ കൂടിയാണ് വോൺ. പ്രഥമ ഐ പി എൽ സീസണിൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഷെയ്ൻ വോൺ.