Skip to content

അവരെ രണ്ടുപേരെയും കളിപ്പിക്കണം, ഈ ടീം കപ്പുമായി മടങ്ങി വരും, ഇന്ത്യൻ ലോകകപ്പ് ടീമിനെ കുറിച്ച് സുനിൽ ഗവാസ്കർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം മികച്ചതാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മികച്ച ബാലൻസ് ടീമിനുണ്ടെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് ജേതാക്കളാകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഈ ഇന്ത്യൻ ടീമിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. അതിനൊപ്പം തന്നെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ചില നിർദ്ദേശങ്ങളും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പങ്കുവെച്ചു.

” റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും കളിപ്പിക്കണം, അഞ്ചാം നമ്പറിൽ പന്തും ആറാമനായി ഹാർദിക് പാണ്ഡ്യയും, അല്ലെങ്കിൽ നേരെ തിരിച്ച്. ദിനേശ് കാർത്തിക്കിനെ ഏഴാമനായി ഇറക്കണം. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം നാല് ബൗളർമാരുമായി കളിക്കണം. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാകണം. റിസ്ക് എടുക്കുന്നില്ലെങ്കിൽ എങ്ങനെ വിജയിക്കാൻ സാധിക്കും. എല്ലാ വിഭാഗങ്ങളിലും റിസ്ക് എടുത്താൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കൂ. ” സുനിൽ ഗാവസ്കർ പറഞ്ഞു.

” ഇതൊരു നല്ല ടീം തന്നെയാണ്. മികച്ച ബാലൻസ് ടീമിനുണ്ട്. അവർ ലോകകപ്പ് നേടുമെന്ന് വലിയ പ്രതീക്ഷ എനിക്കുണ്ട്. ബാലൻസ് ഉള്ളതിനാൽ ഈ ടീമിന് ലോകകപ്പ് നേടുവാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ഏഷ്യ കപ്പിൽ സംഭവിച്ചത് നമുക്ക് മുന്നറിയിപ്പ് നൽകി. ലോകകപ്പ് നേടികൊണ്ട് ഈ ടീം തിരിച്ചെത്തുമെന്നാണ് ഞാൻ കരുതുന്നത്. ടീമിനെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇനി നമ്മൾ ഈ ടീമിനെ പിന്തുണയ്ക്കണം. ”

” ടോട്ടൽ പ്രതിരോധിക്കാൻ കഴിയുന്ന ബൗളർമാർ ഇല്ലായിരുന്നുവെന്നതാണ് ഏഷ്യ കപ്പിൽ നമ്മൾ നേരിട്ട പ്രശ്നം. എന്നാലിപ്പോൾ ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തിയിരിക്കുന്നു. ഈ രണ്ടുപേരും വിജയലക്ഷ്യം പ്രതിരോധിക്കാൻ കഴിവുള്ളവരാണ്. അവർ തിരിച്ചെത്തിയതോടെ ഈ ടീം കൂടുതൽ കരുത്തരായി മാറി. ” സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.