അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ ഇതിഹാസ താരം ഗ്ലെൻ മഗ്രാത്തിനെ ബ്രോഡ് പിന്നിലാക്കിയിരുന്നു. എന്നാൽ ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് നേടിയെങ്കിൽ പോലും തന്നെ മഗ്രാത്തുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രോഡ്.

” അദ്ദേഹം (മഗ്രാത്ത്) എൻ്റെ ഹീറോയാണ്. അദ്ദേഹമുള്ള ആ പട്ടികയിൽ ഞാൻ സ്ഥാനം അർഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം എന്നേക്കാൾ ഒരുപാട് മത്സരങ്ങൾ കുറവാണ് കളിച്ചിട്ടുള്ളത്. ” സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

മത്സരത്തിലെ പ്രകടനമടക്കം 159 മത്സരങ്ങളിൽ നിന്നും 566 വിക്കറ്റ് സ്റ്റുവർട്ട് ബ്രോഡ് നേടിയിട്ടുണ്ട്. മറുഭാഗത്ത് 124 മത്സരങ്ങളിൽ നിന്നും 563 വിക്കറ്റുകളാണ് മഗ്രാത്ത് ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. മഗ്രാത്തിനെ പിന്നിലാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസറെന്ന റെക്കോർഡ് ബ്രോഡ് സ്വന്തമാക്കിയിരുന്നു. 175 മത്സരങ്ങളിൽ നിന്നും 667 വിക്കറ്റ് നേടിയിട്ടുള്ള ജെയിംസ് ആൻഡേഴ്സൺ മാത്രമാണ് പേസർമാരിൽ ബ്രോഡിന് മുൻപിലുള്ളത്.

” അദ്ദേഹം ഇതിഹാസമാണ്. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം (മഗ്രാത്ത്) ലോകത്തിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ്. ” സ്റ്റുവർട്ട് ബ്രോഡ് കൂട്ടിച്ചേർത്തു.