Skip to content

അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കുമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ലോകകപ്പിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാർദിക് പാണ്ഡ്യയ്‌ക്ക് തിളങ്ങാൻ സാധിക്കുമെന്നും ഓസ്ട്രേലിയയിൽ നടന്ന 1985 വേൾഡ് ചാമ്പ്യൻഷിപ്പിലെ രവി ശാസ്ത്രിയുടെ പ്രകടനം ഇക്കുറി ആവർത്തിക്കാൻ പാണ്ഡ്യയ്‌ക്ക് സാധിക്കുമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.

1985 ൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമായിരുന്നു രവി ശാസ്ത്രി കാഴ്ച്ചവെച്ചത്. 5 മത്സരങ്ങളിൽ നിന്നും 3 ഫിഫ്റ്റിയടക്കം 182 റൺസ് നേടിയ രവി ശാസ്ത്രി 8 വിക്കറ്റും ടൂർണമെൻ്റിൽ നേടിയിരുന്നു. സുനിൽ ഗാവസ്കർ നയിച്ച ടീം അന്ന് ഫൈനലിൽ പ്രവേശിക്കുകയും ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട് ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു.

” തീർച്ചയായും 1985 ൽ രവി ശാസ്ത്രി ചെയ്തതെന്തോ അത് ചെയ്യുവാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. അന്ന് ആ ടൂർണ്ണമെൻ്റിൽ ഉടനീളം ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമാണ് രവി നടത്തിയത്. ചില നല്ല ക്യാച്ചുകളും അവൻ നേടി. ഇതെല്ലാം ഇക്കുറി ഓസ്ട്രേലിയയിൽ ആവർത്തിക്കാനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ട്. ” സുനിൽ ഗവാസ്കർ പറഞ്ഞു.

” മിഡ് ഓഫിൽ പാണ്ഡ്യയുടെ റണ്ണൗട്ടുകളെ കുറിച്ച് മറക്കരുത്. ബൗളർമാരുടെ എൻഡിലെ ഡയറക്ട് ഹിറ്റുകൾ, ഷോർട്ട് ക്യാച്ചുകൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാത്രം ഫീൽഡിങിലെ മികവ് കൊണ്ടും മത്സരം ഇന്ത്യയുടെ വരുതിയിലാക്കാനുള്ള കഴിവ് അവനുണ്ട്. 1985 ലെ രവി ശാസ്ത്രിയെ പോലെ അവൻ ചാമ്പ്യന്മാരുടെ ചാമ്പ്യനായാൽ അത്ഭുതപെടേണ്ടതില്ല. ” സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.