Skip to content

അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് പുറകെ പാകിസ്ഥാൻ ആരാധകരെ വിമർശിച്ച് മുൻ പേസർ വസീം അക്രം. ഫൈനലിലെ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ബാറ്റിങ് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് നിരീഷകരും അടക്കമുള്ളവർ വിമർശിച്ചിരുന്നു. റിസ്വാൻ്റെ ഈ സമീപനത്തെ ടൂർണമെൻ്റിലെ തുടക്കത്തിൽ തന്നെ താൻ വിമർശിച്ചിരുന്നുവെന്നും എന്നാൽ അന്ന് പാകിസ്ഥാൻ ആരാധകർ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നും വസീം അക്രം ആരോപിച്ചു.

” ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ ഓപ്പണർ കുഴപ്പമുണ്ടാക്കില്ലെങ്കിൽ പോലും ഇത്തരം മത്സരങ്ങളിൽ അവർ ബുദ്ധിമുട്ടുമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇന്ന് സംഭവിച്ചത്. ” വസീം അക്രം പറഞ്ഞു.

” നിങ്ങൾ ഓർക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഹോങ്കോങിനെതിരെയും റിസ്വാൻ ഇതുതന്നെയാണ് ചെയ്തത്. ഞാൻ അവനെ അന്ന് വിമർശിച്ചു. ഒരു ആരോഗ്യകരമായ വിമർശനമായിരുന്നു അത്. പക്ഷേ ആളുകൾ എന്നെ സോഷ്യൽ മീഡിയയിൽ ആക്രമിച്ചു. പാകിസ്ഥാനിലെ ആളുകൾ ഞാൻ റിസ്വാനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞു. നിങ്ങൾക്ക് എൻ്റെ അഭിപ്രായം വേണമെങ്കിൽ ഞാൻ ശരിയായതും നേരായതുമായ അഭിപ്രായം നൽകും. കാണുന്നതിനെ കുറിച്ച് കള്ളം പറയുന്ന ഒരാളല്ല ഞാൻ. എനിക്ക് കറുപ്പ് കറുപ്പും വെളുപ്പ് വെളുപ്പുമാണ്. ” വസീം അക്രം പറഞ്ഞു.

ഫൈനൽ പോരാട്ടത്തിൽ 49 പന്തിൽ 113.24 സ്ട്രൈക്ക് റേറ്റിൽ 55 റൺസ് നേടുവാൻ മാത്രമാണ് റിസ്വാന് സാധിച്ചത്. ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാൻ ആണെങ്കിൽ പോലും ഓപ്പണർ കൂടിയായ താരത്തിൻ്റെ സ്ട്രൈക്ക് 127.08 മാത്രമാണ്.