Skip to content

അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ആരാകണമെന്ന് നിർദേശിച്ച് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തുടർച്ചയായ മോശം ഫോമിനെ തുടർന്നാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതോടെ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളി ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുകയാണ്.

ഇതിനിടെയാണ് മുൻ ക്യാപ്റ്റൻ തന്നെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദ്ദേശിച്ചത്. അടുത്ത ക്യാപ്റ്റനാകുവാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് സ്റ്റീവ് സ്മിത്തിനും പാറ്റ് കമ്മിൻസിനുമാണെങ്കിലും ടീമിലെ സീനിയർ താരവും ഓപ്പണറും കൂടിയായ ഡേവിഡ് വാർണറിൻ്റെ പേരാണ് ഫിഞ്ച് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. വാർണർ വളരെ തന്ത്രശാലിയായ ഒരു ക്യാപ്റ്റനാണെന്നും നിലവിൽ ക്യാപ്റ്റൻസിൽ ആജീവനാന്ത വിലക്ക് നേരിടുന്ന വാർണറിൻ്റെ കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പുനർചിന്തനം നടത്തുമെന്നാണ് താൻ കരുതുന്നതെന്നും ഫിഞ്ച് പറഞ്ഞു.

” ക്രിക്കറ്റ് ഓസ്ട്രേലിയ അക്കാര്യത്തിലൊരു തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത് ( വാർണറുടെ ക്യാപ്റ്റൻസി ബാൻ), അവന് ക്യാപ്റ്റനാവാൻ അവസരം ലഭിച്ചപ്പോൾ ഞാൻ അവന് കീഴിൽ കുറച്ചുതവണ കളിച്ചിരുന്നു. അവൻ അതിശയകരമാണ്, അവിശ്വസനീയ തന്ത്രശാലിയായ ക്യാപ്റ്റനാണവൻ. അവന് കീഴിൽ കളിക്കുവാൻ ആ സമയത്ത് എല്ലാവരും ആഗ്രഹിച്ചിരുന്നു. ” ഫിഞ്ച് പറഞ്ഞു.

” അവൻ്റെ കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട് എന്താണെന്ന് എനിക്ക് 100 ശതമാനം ഉറപ്പില്ല. പക്ഷേ അവൻ്റെ വിലക്ക് നീക്കുവാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ” ഫിഞ്ച് കൂട്ടിച്ചേർത്തു.

ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് വേണ്ടി 146 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫിഞ്ച് 5406 റൺസ് നേടിയിട്ടുണ്ട്. 17 സെഞ്ചുറിയും 30 ഫിഫ്റ്റിയും ഈ ഫോർമാറ്റിൽ ഫിഞ്ച് നേടിയിട്ടുണ്ട്.