Skip to content

തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് പാകിസ്ഥാൻ താരം ഷദാബ് ഖാൻ. പാകിസ്ഥാൻ 23 റൺസിന് പരാജയപെട്ട മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ഷദാബ് ഖാൻ പാഴാക്കിയിരുന്നു. പാകിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് വിലയിരുത്തപെടുന്ന താരം കൂടിയാണ് ഷദാബ് ഖാൻ. മത്സരത്തിലെ തോൽവിയ്‌ക്ക് പുറകെ ട്വിറ്ററിലൂടെയാണ് തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് ഷദാബ് പറഞ്ഞത്.

മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ പതിനെട്ടാം ഓവറിലും അവസാന ഓവറിലുമാണ് രാജപക്സയുടെ രണ്ട് ക്യാച്ചുകൾ ഷദാബ് ഖാൻ വിട്ടുകളഞ്ഞത്. അവസാന ഓവറിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന് പരിക്ക് പറ്റുകയും ചെയ്തിരുന്നു. രാജപക്സ 46 റൺസ് നേടിനിൽക്കവെയാണ് പതിനെട്ടാം ഓവറിൽ ഷദാബ് ക്യാച്ച് വിട്ടത്. പിന്നീട് 25 റൺസ് രാജപക്സ നേടിയിരുന്നു. മത്സരത്തിൽ 23 റൺസിനാണ് പാകിസ്ഥാൻ പരാജയപെട്ടത്.

” മത്സരങ്ങൾ വിജയിപ്പിക്കുന്നത് ക്യാച്ചുകളാണ്. ക്ഷമിക്കണം, ഈ തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ എൻ്റെ ടീമിനെ തന്നെ കൈവിട്ടു, നസീം ഷായും ഹാരിസ് റൗഫും നവാസും അടങ്ങുന്ന ബൗളിങ് നിര മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മൊഹമ്മദ് റിസ്വാൻ കഠിനമായി പോരാടി, മുഴുവൻ ടീമും പരമാവധി പോരാടി, ശ്രീലങ്കയ്‌ക്ക് അഭിനന്ദങ്ങൾ. ” ഷദാബ് ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ 147 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 49 പന്തിൽ 55 റൺസ് നേടിയ റിസ്വാൻ മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ശ്രീലങ്കയ്‌ക്ക് വേണ്ടി പ്രമോദ് മധുഷാൻ നാല് വിക്കറ്റും ഹസരങ്ക മൂന്ന് വിക്കറ്റും കരുണരത്നെ രണ്ട് വിക്കറ്റും നേടി. 45 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ രാജപക്സ, 21 പന്തിൽ 36 റൺസ് നേടിയ ഹസരങ്ക എന്നിവരാണ് ബാറ്റിങിൽ ശ്രീലങ്കയ്‌ക്ക് വേണ്ടി തിളങ്ങിയത്.