Skip to content

പിന്നിലാക്കിയത് ബെൻ സ്റ്റോക്സിനെ, ഐസിസി പ്ലേയർ ഓഫ് ദി Month പുരസ്ക്കാരം സിക്കന്ദർ റാസയ്ക്ക്

ഓഗസ്റ്റ് മാസത്തിലെ ഐസിസി പ്ലേയർ ഓഫ് ദി month പുരസ്കാരം സ്വന്തമാക്കി സിംബാബ്‌വെയുടെ സീനിയർ ബാറ്റ്സ്മാൻ സിക്കന്ദർ റാസ. കഴിഞ്ഞ മാസത്തിലെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ എന്നിവരെ പിന്നിലാക്കി പ്ലേയർ ഓഫ് ദി month പുരസ്കാരം റാസ നേടിയത്.

ഐസിസിയുടെ ഈ അവാർഡ് നേടുന്ന ആദ്യ സിംബാബ്‌വെ താരമാണ് റാസ. കഴിഞ്ഞ മാസത്തിൽ ഏകദിന ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറി താരം നേടിയിരുന്നു. ഇതിൽ രണ്ട് സെഞ്ചുറി ബംഗ്ലാദേശിനെതിരെയും ഒരു സെഞ്ചുറി ഇന്ത്യയ്ക്കെതിരെയുമാണ് താരം നേടിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 109 പന്തിൽ പുറത്താകാതെ 135 റൺസ് നേടിയ റാസ രണ്ടാം മത്സരത്തിൽ പുറത്താകാതെ 127 പന്തിൽ 118 റൺസ് നേടിയിരുന്നു. ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റാസ സെഞ്ചുറി നേടിയത്. 95 പന്തിൽ 115 റൺസ് നേടിയ റാസ ടീമിനെ വിജയത്തിനരികെ എത്തിച്ചിരുന്നു.

” ഐസിസിയുടെ പ്ലേയർ ഓഫ് ദി month അവാർഡ് നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഈ അവാർഡ് നേടുന്ന ആദ്യ സിംബാബ്‌വെക്കാരനാണെന്നതിൽ കൂടുതൽ സന്തോഷം തോന്നുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസമായി എന്നോടൊപ്പം ചേഞ്ച് റൂമിലുണ്ടായിരുന്ന ഏവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ സഹതാരങ്ങൾ മുതൽ ടെക്നിക്കൽ സ്റ്റാഫുകൾ വരെയുണ്ട്. നിങ്ങളില്ലാതെ ഇത് സാധ്യമാവുകയില്ലായിരുന്നു. ” അവാർഡ് വിജയിച്ച ശേഷം റാസ പറഞ്ഞു.

ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ടാലിയ മഗ്രാത്താണ് ഏറ്റവും മികച്ച വനിത താരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കിയത്.