Skip to content

മൂന്നാം ടെസ്റ്റിലും തകർപ്പൻ വിജയം, സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഓവലിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ബെൻ സ്റ്റോക്സും കൂട്ടരും സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 130 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ വിജയലക്ഷ്യം മറികടന്നു. 39 റൺസ് നേടിയ അലക്സ് ലീസും 57 പന്തിൽ 69 റൺസ് നേടിയ സാക് ക്രോലിയുമാണ് ഇംഗ്ലണ്ട് വിജയം അനായാസമാക്കിയത്. ഒല്ലി പോപ്പ് 11 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ നഷ്ടപെട്ട ശേഷമാണ് വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് മത്സരം അവസാനിച്ചത്. ആദ്യ ദിനം മഴമൂലം ഒരു പന്ത് പോലും എറിയുവാൻ സാധിക്കാതെ വന്നപ്പോൾ രണ്ടാം ദിനം എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങലിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 40 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗത്താഫ്രിക്കയ്‌ക്ക് രണ്ടാം ഇന്നിങ്സിൽ 169 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ, റോബിൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 36 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗറായിരുന്നു സൗത്താഫ്രിക്കൻ നിരയിലെ ടോപ്പ് സ്കോറർ.

നേരത്തേ ആദ്യ ഇന്നിങ്സിൽ 158 റൺസ് നേടിയ ഇംഗ്ലണ്ട് 40 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 67 റൺസ് നേടിയ ഒല്ലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. സൗത്താഫ്രിക്കയ്‌ക്ക് വേണ്ടി മാർക്കോ യാൻസൻ അഞ്ച് വിക്കറ്റും കഗിസോ റബാഡ നാല് വിക്കറ്റും നേടിയിരുന്നു. ടോസ് നേടി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്സിൽ 118 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ റോബിൻസണും നാല് വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡുമാണ് സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്സിൽ തകർത്തത്.

മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സൗത്താഫ്രിക്ക ഒരു ഇന്നിങ്സിനും 12 റൺസിനും വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 85 റൺസിനും വിജയിച്ചുകൊണ്ട് ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തിയിരുന്നു.