Skip to content

അവർ ചരിത്രം ആവർത്തിക്കുകയാണല്ലോ! ക്യാച്ചിനിടെ കൂട്ടിയിടിച്ച് പാകിസ്ഥാൻ താരങ്ങൾ – വീഡിയോ

കളിക്കളത്തിൽ ക്യാച്ച് എടുക്കുന്നതിനിടെ താരങ്ങൾ തമ്മിൽ കൂട്ടിമുട്ടി ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതിൽ മുൻപന്തിയിലാണ് പാകിസ്ഥാൻ താരങ്ങൾ. ഏഷ്യാകപ്പിലെ ഫൈനൽ മത്സരത്തിലും ഇത് ആവർത്തിച്ചിരിക്കുകയാണ്. ശ്രീലങ്കൻ ഇന്നിങ്സിന്റെ അവസാനത്തിൽ രാജപക്ഷെ ബാറ്റിൽ നിന്ന് ഉയർന്ന പൊങ്ങിയ പന്താണ് ബൗണ്ടറി ലൈനിന് അരികിൽ നിന്ന് ആസിഫ് അലിയും ഷദാബ്  ഖാനും ചേർന്ന് ഡ്രോപ്പ് ചെയ്തത്. അവിടെ കൊണ്ട് തീർന്നില്ല. ഡ്രോപ്പ് ചെയ്ത പന്ത് നേരെ വീണത് ബൗണ്ടറി ലൈനിലാണ് ഇതോടെ സിക്സ് വഴങ്ങേണ്ടി വന്നു.


ആര് ക്യാച്ച് എടുക്കണമെന്നതിലെ ആശയകുഴപ്പാണ്  വമ്പൻ അബദ്ധത്തിലേക്ക് വഴിവെച്ചത്. ആസിഫ് അലിയുടെ കൈകളിലേക്ക് കൃത്യമായി എത്തിയ ക്യാച്ച് ഡൈവ് ചെയ്ത് ഷദാബ് ഖാൻ പിടിക്കാൻ ശ്രമിച്ചതാണ് ക്യാച്ച് നഷ്ട്ടമാകാൻ കാരണം. ഇതിനിടെ ഷദാബ് ഖാന്റെ തല ആസിഫ് അലിയുടെ എൽബോയിൽ ഇടിച്ചതും ആശങ്കകൾക്കിടയാക്കി. ഫിസിയോ വന്ന് പരിശോധിച്ച് പരിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് മത്സരം തുടർന്നത്.


അതേസമയം ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കപ്പ് ഉയർത്തിയത്. 171 വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 22 റൺസിൽ നിൽക്കെ  തുടർച്ചയായി 2 വിക്കറ്റ് നഷ്ട്ടപ്പെട്ടിരുന്നു. ക്യാപ്റ്റൻ ബാബർ അസമിനെയും (5) മൂന്നാമനായി ഇറങ്ങിയ ഫഖർ സമാനിനെയുമാണ് (0) നഷ്ട്ടമായത്.

എന്നാൽ മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത് റിസ്വാനും ഇഫ്തികാർ അഹമ്മദും പ്രതീക്ഷകൾ നൽകിയെങ്കിലും 17ആം ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ഹസരങ്ക അത് തകർത്ത് കളഞ്ഞു. ഒടുവിൽ 147 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മദുഷൻ 4 വിക്കറ്റും ഹസരങ്ക 3 വിക്കറ്റും നേടി. നേരെത്തെ 5ന് 58 എന്ന നിലയിൽ വീണ ശ്രീലങ്കയെ ഹസരങ്കയും (21 പന്തിൽ 36) രാജപക്ഷയും (45 പന്തിൽ 71*) ചേർന്നാണ് കരകയറ്റിയത്.