Skip to content

ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 90 ശതമാനത്തോളം തീരുമാനിച്ചുകഴിഞ്ഞുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ ഇനിയും ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ചില മാറ്റങ്ങൾ പരീക്ഷിച്ചതെന്നും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മ പറഞ്ഞു.

” ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 90-95 ശതമാനം തീരുമാനിച്ചുകഴിഞ്ഞു. ഇനി വളരെ കുറച്ചു മാറ്റങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പരീക്ഷണങ്ങളെ കുറിച്ച് പറയുമ്പോൾ ചില കാര്യങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ”

” ഏഷ്യ കപ്പിന് മുൻപുള്ള ഞങ്ങളുടെ ടീം കോംബിനേഷൻ നോക്കുകയാണെങ്കിൽ നാല് പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഞങ്ങൾ കളിച്ചത്. അതിൽ ഒരു സ്പിന്നർ ഓൾ റൗണ്ടർ കൂടിയാണ്. മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരുമായി കളിച്ചാൽ എന്തുസംഭവിക്കും, മൂന്നാമത്തെ സ്പിന്നർ ഓൾ റൗണ്ടറായാൽ എന്തുസംഭവിക്കും എന്നതിനെല്ലാം ഉത്തരം കണ്ടെത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള ഉത്തരം ഞങ്ങൾ തേടുകയാണ് ” രോഹിത് ശർമ്മ പറഞ്ഞു.

” ലോകകപ്പിൽ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ ടീമിനെ സജ്ജമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പിന് പോകുമ്പോൾ നിങ്ങളുടെ പക്കൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഉണ്ടായിരിക്കണം. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയതിന് ശേഷം മൂന്ന് സീമർമാരുമായാണ് ഞങ്ങൾ കളിച്ചത്. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

ഏഷ്യ കപ്പിലെ തുടർപരാജയം ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിന് ലഭിച്ച മുന്നറിയിപ്പ് കൂടിയാണ്. നിർണായക സമയത്ത് പരാജയപെടുന്ന ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. പരമ്പരകളിൽ പുറത്തെടുക്കുന്ന പ്രകടനം മൾട്ടി നാഷണൽ ടൂർണമെൻ്റിൽ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. ഈ പിഴവുകൾ എല്ലാം തന്നെ പരിഹരിച്ച് വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.