Skip to content

പരിക്കേറ്റിട്ടും പോരാടി കാമറോൺ ഗ്രീൻ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയക്ക് വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 2 വിക്കറ്റിൻ്റെ വിജയം. യുവതാരം കാമറോൺ ഗ്രീനിൻ്റെയും വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെയും മികവിലാണ് തുടക്കത്തിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയ വിജയം കുറിച്ചത്. ഫിഫ്റ്റി നേടിയ ഇരുവരുടെയും മികവിൽ ന്യൂസിലൻഡ് ഉയർത്തിയ 233 റൺസിൻ്റെ വിജയലക്ഷ്യം 45 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

തകർച്ചയോടെയാണ് ഓസ്ട്രേലിയ തുടങ്ങിയത്. ഒരു ഘട്ടത്തിൽ 44 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അഞ്ച് റൺ നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് ഒരു റൺസും മാർനസ് ലാബുഷെയ്ൻ പൂജ്യത്തിനും ഡേവിഡ് വാർണർ 20 റൺസും മാർക്കസ് സ്റ്റോയിനിസ് 5 റൺസും നേടി പുറത്തായി.

തുടർന്ന് ആറാം വിക്കറ്റിൽ 158 റൺസ് കൂട്ടിച്ചേർത്ത അലക്സ് കാരിയും കാമറോൺ ഗ്രീനും ചേർന്നാണ് ഓസ്ട്രേലിയയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. അലക്സ് കാരി 99 പന്തിൽ 85 റൺസ് നേടി പുറത്തായപ്പോൾ ഗ്രീൻ 92 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്നു. പരിക്ക് വകവെയ്ക്കാതെ യുവതാരം ഗ്രീൻ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്.

ന്യൂസിലൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് പത്തോവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റും മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 46 റൺസ് നേടിയ കോൺവെയും 45 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും 43 റൺസ് നേടിയ ടോം ലാതവും മാത്രമാണ് തിളങ്ങിയത്. ഓസ്ട്രേലിയക്ക് വേണ്ടി ഗ്ലെൻ മാക്സ്‌വെൽ നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും ആഡം സാംപ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.