Skip to content

പൊരുതി കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ആവേശവിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനും ശ്രീലങ്കയും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു.

ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഫറൂഖിയ്ക്കെതിരെ ആദ്യ രണ്ട് പന്തിൽ സിക്സ് നേടി നസീം ഷാ പാകിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. റിസ്വാനും ബാബർ അസമും നിരാശപെടുത്തിയപ്പോൾ 26 പന്തിൽ 36 റൺസ് നേടിയ ഷദാബ് ഖാനും 30 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദുമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്ക്, ഫറൂഖി എന്നിവർ മൂന്ന് വിക്കറ്റ് വീതവും, റാഷിദ് ഖാൻ രണ്ട് വിക്കറ്റും നേടി. മുജീബ് റഹ്മാൻ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മികവ് പുലർത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 37 പന്തിൽ 35 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. റാഷിദ് ഖാൻ 15 പന്തിൽ പുറത്താകാതെ 18 റൺസ് നേടി. വിക്കറ്റ് കീപ്പർ ഗർബാസ് 11 പന്തിൽ 17 റൺസും ഹസ്രതുള്ള സസായ് 17 പന്തിൽ 21 റൺസും നേടി.

പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. നാളെ ഇന്ത്യയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ അടുത്ത മത്സരം. പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് സൂപ്പർ ഫോറിലെ അവസാന മത്സരം.