Skip to content

അഫ്ഗാനിസ്ഥാൻ വന്നത് വെറുതെ പോകാനല്ല, ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്ത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 105 റൺസിൽ ചുരുക്കികെട്ടിയ അഫ്ഗാനിസ്ഥാൻ 106 റൺസിൻ്റെ വിജയലക്ഷ്യം 10.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

( Picture Source : Twitter )

18 പന്തിൽ 3 ഫോറും നാല് സിക്സുമടക്കം 40 റൺസ് നേടിയ വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗർബാസിൻ്റെയും 28 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 37 റൺസ് നേടിയ ഹസ്രതുള്ള സസായിയുടെയും മികവിലാണ് തകർപ്പൻ വിജയം അഫ്ഗാനിസ്ഥാൻ കുറിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 6 ഓവറിൽ 83 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു. ഹസരങ്കയാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഒരേയൊരു വിക്കറ്റ് നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയും രണ്ട് വിക്കറ്റ് വീതം നേടിയ ക്യാപ്റ്റൻ മൊഹമ്മദ് നബിയും മുജീബ് ഉർ റഹ്മാനും ചേർന്നാണ് ചുരുക്കികെട്ടിയത്.

( Picture Source : Twitter )

മൂന്ന് ബാറ്റ്സ്മാൻ മാത്രമാണ് ശ്രീലങ്ക നിരയിൽ രണ്ടക്കം കടന്നത്. 29 പന്തിൽ 38 റൺസ് നേടിയ രാജപക്സ, 31 റൺസ് നേടിയ കരുണരത്നെ, 17 റൺസ് നേടിയ ഗുണതിലക എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ടൂർണമെൻ്റിലെ രണ്ടാം മത്സരം നടക്കുന്നത്. വിജയത്തോടെ ഗ്രൂപ്പ് ബി പോയിൻ്റ് ടേബിളിൽ അഫ്ഗാനിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. ഓഗസ്റ്റ് 30 ന് ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ അടുത്ത മത്സരം. സെപ്റ്റംബർ ഒന്നിനാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.

( Picture Source : Twitter )