Skip to content

ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 85 റൺസിനുമാണ് ബെൻ സ്റ്റോക്സും കൂട്ടരും വിജയിച്ചത്. മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി.

( Picture Source : Twitter )

264 റൺസിൻ്റെ വമ്പൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്‌ക്ക് 179 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 159 പന്തിൽ 42 റൺസ് നേടിയ കീഗൻ പീറ്റേഴ്സണും, 132 പന്തിൽ 41 റൺസ് നേടിയ റാസി വാൻഡർ ഡസനും മാത്രമേ സൗത്താഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നുള്ളു.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി ഓവർടൺ നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 103 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെയും 113 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിൻ്റെയും മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 415 റൺസ് നേടി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും 264 റൺസിൻ്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയ്‌ക്ക് 151 റൺസ് നേടാൻ മാത്രമാണ് സാധിച്ചിരുന്നത്.

( Picture Source : Twitter )

മൂന്ന് വിക്കറ്റ് വീതം നേടിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ് ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. ബെൻ സ്റ്റോക്സ് ആദ്യ ഇന്നിങ്സിലും രണ്ട് വിക്കറ്റ് നേടിയിരുന്നു. ബെൻ സ്റ്റോക്സാണ് പ്ലേയർ ഓഫ് ദി മാച്ച്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ഒരു ഇന്നിങ്സിനും 12 റൺസിനും വിജയിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് ഓവലിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

( Picture Source : Twitter )