Skip to content

നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് കോഹ്ലി, ഇന്ത്യൻ താരമല്ല

പാകിസ്ഥാൻ – ഇന്ത്യ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും തയ്യാറെടുപ്പിലാണ്. മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലിയുമായുള്ള  അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന കോഹ്ലി 2 മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും നാളെയുണ്ട്.

കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കോഹ്ലിയുടെ മാനസികാവസ്ഥയും ഏഷ്യാകപ്പ് ഓർമകളുമാണ് അഭിമുഖത്തിൽ കോഹ്ലി പങ്കുവെച്ചത്.
മാനസികമായി തളർന്നിരുന്നുവെന്ന് കോഹ്ലി അഭിമുഖത്തിനിടെ വെളിപ്പെടുത്തി. “മാനസികമായി തളർന്നിരുന്നു. ഗ്രൗണ്ടിൽ പലപ്പോഴും പഴയ അഗ്രസ്സിവ് ഞാന്‍ അഭിനയിക്കുകയായിരുന്നുവെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.”

“ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നത്, എനിക്ക് പഴയ തീവ്രതയോടെ കളിക്കാനാവുന്നുണ്ട് എന്നായിരുന്നു. എന്നാല്‍ അത് തെറ്റായിരുന്നു. എനിക്ക് മത്സരങ്ങളെ ശരിക്കും പഴയ അതേ തീവ്രതയോടെ സമീപിക്കാനായിരുന്നില്ല. ശരീരം പറയുന്നത്, നിര്‍ത്തൂ, കുറച്ചു വിശ്രമമെടുക്കു എന്നായിരുന്നു. 10 വർഷത്തിനിടെ ആദ്യമായി ഈ ഇടവേളയിൽ ഒരു മാസത്തോളം ഞാൻ ബാറ്റ് തൊട്ടിട്ടില്ല. ” കോഹ്ലി പറഞ്ഞു.

അഭിമുഖത്തിനിടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചോദ്യവുമായി എത്തിയിരുന്നു. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയാണ് കോഹ്ലി തിരഞ്ഞെടുത്തത്. ” 2019 ഏകദിന ലോകക്കപ്പിലാണ് ആദ്യമായി ബാബർ അസമുമായി സംസാരിച്ചത്. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു. വളരെ വിനീതമായ സ്വഭാവമാണ് അവന്റെത്. മികച്ച ബാറ്ററായി മാറിയിട്ടും അക്കാര്യത്തിൽ മാറ്റവും വന്നിട്ടില്ല. അവന്റെ ബാറ്റിംഗ് ഞാൻ ആസ്വദിക്കുന്നു.” കോഹ്ലി പറഞ്ഞു.

“ഇത് പോലുള്ള താരങ്ങൾ ഇനിയും മുന്നോട്ട് പോകും, കുറെ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ക്രിക്കറ്റ് ലോകം ആവേശമാക്കി മാറ്റാൻ ബാബർ അസമിനെ പോലുള്ള താരങ്ങൾ ആവശ്യമാണ്.” മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ 183ഉം ബംഗ്ലാദേശിൽ വെച്ച് പാകിസ്ഥാനെതിരെ നേടിയ 49ഉം ഓർമയിൽ തങ്ങിനിൽക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു.