Skip to content

അവരെ പിടിച്ചുനിർത്തുക എളുപ്പമല്ല, ഏഷ്യ കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെൻ്റിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ആറ് ടീമുകളാണ് ഇരു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്നത്. ക്വാളിഫയർ പോരാട്ടത്തിൽ യു എ ഇ, കുവൈറ്റ്, സിങ്കപ്പൂർ തുടങ്ങിയ ടീമുകളെ പിന്നിലാക്കിയാണ് ഹോങ്കോങ് ഏഷ്യ കപ്പ് യോഗ്യത നേടിയത്.

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയാണ് ഏഷ്യ കപ്പ് വിജയിച്ചത്. ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതൽ തവണ ടൂർണ്ണമെൻ്റിൽ ചാമ്പ്യന്മാരായിട്ടുള്ളത്. 1984, 1988, 1990, 2010, 2016, 2018 തുടങ്ങിയ വർഷങ്ങളിൽ നടന്ന ടൂർണമെൻ്റുകളിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. അഞ്ച് തവണ ഏഷ്യ കപ്പ് നേടിയ ശ്രീലങ്കയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. പാകിസ്ഥാന് മൂന്ന് തവണ മാത്രമാണ് ഏഷ്യ കപ്പ് നേടുവാൻ സാധിച്ചിട്ടുള്ളത്.

രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം തന്നെ ഇക്കുറിയും ഏഷ്യ കപ്പ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഷെയ്ൻ വാട്സൺ.

” ഇന്ത്യ തന്നെ ഏഷ്യ കപ്പ് നേടുമെന്നാണ് എൻ്റെ പ്രവചനം. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആദ്യ മത്സരം ആവേശകരമായിരിക്കും, കാരണം ഈ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പാകിസ്ഥാനുണ്ട്. ആ പോരാട്ടത്തിൽ വിജയിക്കുന്ന ടീം തന്നെയാകും ഏഷ്യ കപ്പ് നേടുകയെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇന്ത്യ തന്നെയായിരിക്കും ചാമ്പ്യന്മാരാവുക എന്ന തോന്നൽ എൻ്റെ ഉള്ളിലുണ്ട്. ബാറ്റിങ് നിരയിൽ വെടിക്കെട്ട് ബാറ്റ്സ്മാന്മാർ അവർക്കുണ്ട്. അതുകൊണ്ട് തന്നെ അവരെ പിടിച്ചുനിർത്തുകയെന്നത് എളുപ്പമാവില്ല. ” ഷെയ്ൻ വാട്സൺ പറഞ്ഞു.