Skip to content

അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഏഷ്യ കപ്പിന് മുൻപായി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്കൊപ്പം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇരുവരും തമ്മിലുള്ള താരതമ്യങ്ങളോട് വസീം അക്രം പ്രതികരിച്ചത്.

” ഈ താരതമ്യങ്ങൾ എല്ലാം തന്നെ സ്വാഭാവികമാണ്. ഞങ്ങൾ കളിക്കുന്ന സമയത്ത് ഇൻസമാം ഉൾ ഹഖിനെ സച്ചിനും ദ്രാവിഡുമായും അതിന് മുൻപ് ജാവേദ് മിയാൻദാദിനെ ഗവാസ്കറുമായുണ്ട്, ഗുണ്ടപ്പ വിശ്വനാഥിനെ സഹീർ അബ്ബാസുമായി ആളുകൾ താരതമ്യം ചെയ്തത് ഞാൻ ഓർക്കുന്നു. ”

” അതെല്ലാം സ്വാഭാവികമാണ്, നിങ്ങൾ പറഞ്ഞതുപോലെ ബാബർ അസം മൂന്ന് ഫോർമാറ്റിലും സ്ഥിരത പുലർത്തുന്നു. ശരിയായ ടെക്നികാണ് അവൻ്റേത്. അതുകൊണ്ടാണ് ഇത്രയധികം സ്ഥിരത പുലർത്താൻ അവന് സാധിക്കുന്നത്. അവൻ ബാറ്റിങ് വളരെയധികം ആസ്വദിക്കുന്നു. റൺസ് നേടാനുള്ള ത്വര അവനിലുണ്ട്. ശാരീരികമായി അവൻ ഫിറ്റാണ്. മൂന്ന് ഫോർമാറ്റിലും അവൻ പാക് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയാണ്. അവൻ യുവക്യാപ്റ്റനാണ്, ഒരുപാട് കാര്യങ്ങൾ അവൻ പഠിച്ചുകൊണ്ടിരിക്കുന്നു. ” വസീം അക്രം പറഞ്ഞു.

” പക്ഷേ കോഹ്ലിയുമായി താരതമ്യം ചെയ്യേണ്ട സമയം ആയിട്ടില്ലെന്ന് ഞാൻ കരുതുന്നു. വിരാട് ഇപ്പോൾ എവിടെയാണോ അവിടേക്കുള്ള ശരിയായ പാതയിലാണ് ബാബർ അസമുള്ളത്. പക്ഷേ ഈ ഘട്ടത്തിൽ അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ല. പക്ഷെ ഞാൻ പറഞ്ഞതുപോലെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളാകുവൻ അവന് സാധിക്കും. ” വസീം അക്രം കൂട്ടിച്ചേർത്തു.