Skip to content

‘നിങ്ങളുടെ ഷർട്ട് തരാമോ?’ ആരാധകന്റെ ചോദ്യത്തിന് ബാൽക്കണിയിൽ നിന്ന് രസകരമായ മറുപടിയുമായി ധവാൻ – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സീനിയർ ഇന്ത്യൻ താരം ശിഖർ ധവാൻ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ധരിച്ച ജേഴ്സിക്ക് പിറകിൽ മഞ്ഞ പ്ലാസ്റ്റർ ഒട്ടിച്ചത് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. സ്വന്തമായി ജേഴ്സി ഇല്ലാത്തതിനാൽ താക്കൂറിന്റെ ജേഴ്സി ധരിച്ചായിരുന്നു എത്തിയത്, അതിനാൽ തന്നെ പേര് കാണാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തത്.

40 റൺസ് നേടി ധവാൻ പുറത്തായി ബാൽക്കണിയിൽ എത്തിയതിന് പിന്നാലെ ‘ശിഖർ,  നിങ്ങളുടെ ഷർട്ട് തരാമോ?’ എന്നെഴുതിയ പ്ലക്കാർഡുമായി ഒരു ആരാധകൻ എത്തിയത് രസകരമായ മുഹൂർത്തം സമ്മാനിച്ചു. ഈ ദൃശ്യം ബിഗ് സ്ക്രീനിൽ കണ്ട ധവാൻ ഉടനെ താൻ ഇട്ടിരിക്കുന്ന ഡ്രെസ്സ് ഊരുന്നത് പോലെ കാണിക്കുകയായിരുന്നു. ആകെ ഉള്ളത് ഇത് മാത്രം എന്ന മട്ടിലായിരുന്നു ധവാന്റെ ഈ രസകരമായ മറുപടി.

മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 13 റൺസിന്റെ ജയമാണ് ഇന്ത്യ അവസാന മത്സരത്തിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 290 വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ കഴിഞ്ഞ കളികളിൽ നിന്ന് വളരെ വ്യത്യസ്തമായ പോരാട്ട വീര്യമാണ് കാഴ്ച്ചവെച്ചത്. അവസാന നിമിഷം വരെ സിംബാബ്‌വെയ്ക്ക് വിജയ സാധ്യതയുണ്ടായിരുന്നുവെങ്കിലും 48.4 ഓവറിൽ 95 പന്തിൽ 115 റൺസുമായി ക്രീസിൽ ഉണ്ടായിരുന്ന റാസ പുറത്തായതോടെ അസ്തമിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ദീപക് ചഹാർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ശുബ്മാൻ ഗില്ലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഏകദിന കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ഗിൽ 97 പന്തിൽ 130 റൺസ് നേടിയാണ് പുറത്തായത്. ഇഷാൻ കിഷൻ 61 പന്തിൽ 50 റൺസ് നേടി പുറത്തായി.