Skip to content

വീണ്ടും വിജയത്തിനരികെ വീണ് നെതർലൻഡ്സ്, അവസാന ഓവറിൽ വിജയം കുറിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പാകിസ്ഥാൻ. മത്സരത്തിൽ പാകിസ്ഥാനെ 206 റൺസിൽ ചുരുക്കികെട്ടിയെങ്കിലും 207 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 49.2 ഓവറിൽ 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

പത്തോവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ നസീം ഷായാണ് നെതർലൻഡ്സ് ബാറ്റിങ് നിരയെ തകർത്തത്. മൊഹമ്മദ് വാസിം 36 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് പാകിസ്ഥാൻ തൂത്തുവാരി.

85 പന്തിൽ 50 റൺസ് നേടിയ ഓപ്പണർ വിക്രംജിത് സിങും 105 പന്തിൽ 62 റൺസ് നേടിയ ടോം കൂപ്പറും മാത്രമാണ് നെതർലൻഡ്സ് നിരയിൽ തിളങ്ങിയത്. പരമ്പരയിലെ തൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയാണ് മത്സരത്തിൽ ടോം കൂപ്പർ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 125 പന്തിൽ 91 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് തിളങ്ങിയത്. മറ്റുള്ളവർ ആർക്കും തന്നെ മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഫിഫ്റ്റി നേടുവാൻ ബാബർ അസമിന് സാധിച്ചു. 2019 ന് ശേഷം ഇതാദ്യമായാണ് ഒരു ഏകദിന പരമ്പരയിൽ ബാബർ സെഞ്ചുറി നേടാതിരിക്കുന്നത്. നെതർലൻഡ്സിന് വേണ്ടി ബാസ് ലീഡെ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും കിങ്മ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ആര്യൻ ദത്, ഷാരിസ് അഹമ്മദ്, വാൻ ബീക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

പരമ്പരയിൽ 3-0 ന് പരാജയപെട്ടുവെങ്കിലും അഭിമാനിക്കാവുന്ന പ്രകടനമാണ് ഡച്ച് പട പരമ്പരയിൽ കാഴ്ച്ചവെച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാത്രമാണ് അനായാസ വിജയം നേടുവാൻ ബാബർ അസമിനും കൂട്ടർക്കും സാധിച്ചത്.

( Picture Source : Twitter )