Skip to content

എവിടെ പോയാലും ചേട്ടാ വിളി കേൾക്കാം, മലയാളിയായതിൽ അഭിമാനമുണ്ട് : സഞ്ജു സാംസൺ

ലോകത്തെമ്പാടുനിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ. മലയാളി ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും ഒരു മലയാളിയായതിലും താൻ അഭിമാനിക്കുന്നുവെന്നും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിൽ നിന്നും നിരന്തരം പുറത്തായതിനെ കുറിച്ചും സഞ്ജു സാംസൺ പ്രതികരിച്ചു.

ഈ വർഷം തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിൽ 5 ഇന്നിങ്സിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 161 റൺസ് നേടിയ സഞ്ജു ടി20 ക്രിക്കറ്റിൽ 5 ഇന്നിങ്സിൽ നിന്നും 40 ന് മുകളിൽ ശരാശരിയിൽ 179 റൺസ് അടിച്ചുകൂട്ടി.

” കളിക്കളത്തിൽ എനിക്ക് അധികം സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സമ്മർദ്ദ സാഹചര്യത്തിൽ എന്നെതന്നെ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അവർ മികച്ച ബൗൺസറുകൾ ഏറിഞ്ഞിരുന്നു. പക്ഷെ ക്രീസിൽ ചിലവിട്ട സമയം ഞാൻ ഏറെ ആസ്വദിച്ചു. ” രണ്ടാം മത്സരത്തിലെ പ്രകടനത്തെ കുറിച്ച് സഞ്ജു പറഞ്ഞു.

” സത്യസന്ധമായി പറഞ്ഞാൽ നിങ്ങൾ കടന്നുപോകുന്ന ഏതൊരു സാഹചര്യവും നല്ല രീതിയിൽ തന്നെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നു. എൻ്റെ എല്ലാ സുഹൃത്തുക്കളും രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണുന്നത് അൽപ്പം ബുദ്ധിമുട്ട് തന്നെയായിരുന്നു. പക്ഷേ ആ സമയത്ത് കളിച്ച ആഭ്യന്തര മത്സരങ്ങൾ ഞാൻ ഏറെ ആസ്വദിച്ചിരുന്നു. ”

” ക്യാപ്റ്റൻസി കളിയോടുള്ള എൻ്റെ കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിച്ചു. അത് വ്യത്യസ്തമായ ചിന്താഗതികൊണ്ടുവരികയും ക്രിക്കറ്റിലെ എൻ്റെ അറിവുകൾ മെച്ചപ്പെടുത്താൻ സാഹായിക്കുകയും ചെയ്തു. ഞങ്ങൾ യാത്ര ചെയ്യുന്നിടത്തെല്ലാം ആരാധകരിൽ നിന്നുള്ള ഉച്ചത്തിലുള്ള ആർപ്പുവിളികൾ കേൾക്കുമ്പോൾ അതിശയം തോന്നിയിരുന്നു. ഒരുപാട് ആളുകൾ എന്നെ ചേട്ടായെന്ന് വിളിക്കുന്നത് കേൾക്കാം. ഒരു മലയാളി ആയതിലും മലയാളി ക്രിക്കറ്റർ എന്ന നിലയിൽ എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്. ” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.