Skip to content

അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം റെക്കോർഡുകൾ മാത്രമല്ല, അദ്ദേഹം കാലത്തിന് മുൻപേയാണ് സഞ്ചരിച്ചിരുന്നത് : അജയ് ജഡേജ

സച്ചിൻ ടെണ്ടുൽക്കർ ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം അദ്ദേഹത്തിൻ്റെ റെക്കോർഡുകളോ കണക്കുകളോ മാത്രമല്ലെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കാലത്തിന് മുൻപേയാണ് സച്ചിൻ ടെണ്ടുൽക്കർ സഞ്ചരിച്ചിരുന്നതെന്നും 1998 ൽ ഇന്ത്യയും സിംബാബ്‌വെയും ശ്രീലങ്കയും തമ്മിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ സച്ചിൻ്റെ പ്രകടനം ഓർത്തെടുത്തുകൊണ്ട് അജയ് ജഡേജ പറഞ്ഞു.

ഫൈനൽ പോരാട്ടത്തിന് മുൻപായി ഇന്ത്യയും സിംബാബ്‌വെയും നടന്ന മത്സരത്തിൽ സിംബാബ്‌വേ 13 റൺസിന് ഇന്ത്യയെ പരാജയപെടുത്തിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അജയ് ജഡേജ എന്നിവരെ പുറത്താക്കികൊണ്ടെ ഹെൻറി ഒലോങയാണ് ഇന്ത്യയെ തകർത്തത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം നടന്ന ഫൈനലിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. മുൻ മത്സരത്തിൽ 8 ഓവറിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഒലോങയ്ക്കെതിരെ ഫൈനലിൽ 6 ഓവറിൽ 50 റൺസ് ഇന്ത്യ അടിച്ചുകൂട്ടിയിരുന്നു.

ഫൈനലിൽ സിംബാബ്‌വെ ഉയർത്തിയ 197 റൺസിൻ്റെ വിജയലക്ഷ്യം 120 പന്തുകൾ ബാക്കിനിൽക്കെയാണ് വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ ഇന്ത്യ മറികടന്നത്. ഗാംഗുലി 90 പന്തിൽ നിന്നും 63 റൺസ് നേടിയപ്പോൾ സച്ചിൻ ടെണ്ടുൽക്കർ 92 പന്തിൽ നിന്നും 12 ഫോറും 6 സിക്സും അടക്കം 124 റൺസ് നേടിയിരുന്നു.

” 1996 ൽ ലോകകപ്പ് നേടിയ ശ്രീലങ്കയായിരുന്നു ത്രിരാഷ്ട്ര പരമ്പരയിലെ മറ്റൊരു ടീം. അതുകൊണ്ട് ഇന്ന് കാണുന്ന സിംബാബ്‌വെയായിരുന്നില്ല അന്നത്തേത്. പക്ഷേ ഫൈനലിലെ സച്ചിൻ്റെ പ്രകടനം അവരെ മുൻപത്തിനേക്കാൾ ദുർബലരായി തോന്നിച്ചു. ”

” 90 പന്തിൽ നിന്നാണ് അവൻ സെഞ്ചുറി നേടിയതത്, സച്ചിൻ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായത് റെക്കോർഡുകൾ കൊണ്ടോ കണക്കുകൾ കൊണ്ടോ അല്ല. അദ്ദേഹം കാലത്തേക്കാൾ മുൻപേയാണ് സഞ്ചരിച്ചിരുന്നത്. ഇന്നത്തെ ബാറ്റ്സ്മാന്മാർ ചെയ്യുന്നതാണ് അന്നവൻ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ നമ്പറുകളും റെക്കോർഡുകളും മാത്രം നോക്കുന്ന കുട്ടികളോട്… അത് 10 വിക്കറ്റിൻ്റെ വിജയമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നില്ല എങ്കിലും അവർ അന്ന് ശക്തർ തന്നെയായിരുന്നു. ഇന്നത്തെ ടീമിനേക്കാൾ മികച്ച ടീമായിരുന്നു അവർ. ” അജയ് ജഡേജ പറഞ്ഞു.