Skip to content

അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ഏഷ്യ കപ്പിൽ നിന്നും പരിക്ക് മൂലം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പുറത്തായത് രോഹിത് ശർമ്മയും കെ എൽ രാഹുലും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ മുൻനിര ബാറ്റിങ് നിരയ്‌ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ടാകുമെന്ന് മുൻ പാകിസ്ഥാൻ പേസർ വഖാർ യൂനിസ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇത്തരത്തിലൊരു അഭിപ്രായം മുൻ താരം പങ്കുവെച്ചത്.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ മികവിലാണ് പാകിസ്ഥാൻ വിജയം നേടിയത്. രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും വിരാട് കോഹ്ലിയെയും താരം പുറത്താക്കിയിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് ഷഹീൻ അഫ്രീദിയ്‌ക്ക് പരിക്ക് പറ്റിയത്. പരിക്കിനെ തുടർന്ന് എഷ്യ കപ്പിൽ നിന്നും ഒപ്പം ഇംഗ്ലണ്ടിനെതിരായ ഹോം സിരീസിൽ നിന്നും ഷഹീൻ അഫ്രീദി പുറത്തായി. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുൻപ് ഷഹീൻ പരിക്കിൽ നിന്നും മുക്തനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. ഷഹീൻ അഫ്രീദി പുറത്തായതിൽ നിരാശ പ്രകടിപ്പിച്ചതിനൊപ്പമാണ് ഇന്ത്യൻ മുൻനിരയെ വഖാർ യൂനിസ് പരിഹസിച്ചത്.

” ഷഹീൻ്റെ പരിക്ക് ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാർക്ക് വലിയ ആശ്വാസമാണ്. അവനെ ഏഷ്യ കപ്പിൽ കാണുവാൻ സാധിക്കില്ല എന്നതിൽ ദുഃഖമുണ്ട്. ” ട്വിറ്ററിൽ വഖാർ യൂനിസ് കുറിച്ചു.

ഓഗസ്റ്റ് 28 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. ഫൈനലിൽ എത്തിയാൽ മൂന്ന് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് കാണുവാനുള്ള അവസരം ആരാധകർക്ക് ലഭിക്കും.