Skip to content

ഹൃദയം കീഴടക്കി നെതർലൻഡ്സിൻ്റെ പോരാട്ടവീര്യം, ആദ്യ ഏകദിനത്തിൽ പാകിസ്ഥാന് വിജയം

നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് 16 റൺസിൻ്റെ വിജയം. മത്സരത്തിൽ ആതിഥേയരായ നെതർലൻഡ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തികൊണ്ട് പാകിസ്ഥാൻ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 60 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സാണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ടോം കൂപ്പർ 54 പന്തിൽ 65 റൺസ് നേടിയപ്പോൾ വിക്രംജിത് സിങ് 65 റൺസ് നേടി പുറത്തായി. മത്സരത്തിൽ ടീമിലെ പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഇറങ്ങിയത്. ഏകദിന ക്രിക്കറ്റിൽ ചേസിങിൽ നെതർലൻഡ്സിൻ്റെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.

( Picture Source : Twitter )

പാകിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരൻ നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതവും മൊഹമ്മദ് വാസിം, മൊഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 109 പന്തിൽ 109 റൺസ് നേടിയ ഓപ്പണർ ഫഖാർ സമാൻ, 85 പന്തിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 28 പന്തിൽ 48 റൺസ് നേടിയ ഷദാബ് ഖാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാന് 1-0 ന് മുൻപിലെത്തുകയും ODI സൂപ്പർ ലീഗിൽ 10 പോയിൻ്റ് കരസ്ഥമാക്കുകയും ചെയ്തു. ഓഗസ്റ്റ് 18 നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

( Picture Source : Twitter )