Skip to content

ഏത് സമയത്തും ടീമിന് വേണ്ടി കളിക്കാൻ തയ്യാറായ 30 കളിക്കാർ ഇന്ത്യയ്ക്കുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

മുതിർന്ന താരങ്ങൾക്ക് പരമ്പരകളിൽ വിശ്രമം നൽകുന്ന പ്രവണതയെ കുറിച്ച് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. തിരക്കേറിയ ഷെഡ്യൂൾ മൂലമാണ് ഇത്തരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിക്കേണ്ടി വരുന്നതെന്നും ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യൻ ടീമിൻ്റെ ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കുവാൻ സാധിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം എട്ട് വ്യത്യസ്ത ക്യാപ്റ്റന്മാരാണ് ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നയിച്ചത്. സൗത്താഫ്രിക്കൻ പര്യടനത്തിൽ കെ എൽ രാഹുൽ ഇന്ത്യൻ ടീമിൻ്റെ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായപ്പോൾ ഐ പി എല്ലിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ ഹോം സിരീസിൽ റിഷഭ് പന്തും പിന്നീട് അയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ബുംറയും ഇന്ത്യയെ നയിച്ചപ്പോൾ വിൻഡീഡ് പര്യടനത്തിലെ ഏകദിന പരമ്പരയിൽ ധവാനും ടി20 പരമ്പരയിൽ രോഹിത് ശർമ്മയും ഇന്ത്യയെ നയിച്ചു. ഇനി നടക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

” രോഹിത് ശർമ്മ ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനാണ്. അവർക്ക് ഒരുപാട് കളിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ പരിക്കുകൾ സംഭവിക്കും. അത് ഒഴിവാക്കുവാൻ അവർക്ക് ഇടവേളകൾ ആവശ്യമാണ്.”

” ഇത് മറ്റൊരു തരത്തിൽ നേട്ടവുമാണ്, കാരണം ഒരുപാട് താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഈ പുതിയ താരങ്ങളെ വെച്ചുകൊണ്ട് ഞങ്ങൾ വെസ്റ്റിൻഡീസിലും ഇംഗ്ലണ്ടിലും വിജയിച്ചു. എപ്പോൾ വേണമെങ്കിലും ഇന്ത്യൻ ടീമിന് കളിക്കാൻ തയ്യാറായ 30 കളിക്കാർ നമുക്കിപ്പോൾ ഉണ്ട്. ” സൗരവ് ഗാംഗുലി പറഞ്ഞു.