Skip to content

അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ എബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പരിഹസിച്ച് മുൻ പാക് താരം സൽമാൻ ബട്ട്. ഈ താരതമ്യം കൂടുതലായി പോയെന്ന് സൂര്യകുമാർ യാദവ് പോലും പറയുമെന്നും ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഡിവില്ലിയേഴ്സിനെ പോലെ ബാറ്റ് ചെയ്യുവാൻ ആർക്കും സാധിച്ചിട്ടില്ലയെന്നും സൽമാൻ ബട്ട് പറഞ്ഞു.

ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി പോണ്ടിങ് താരതമ്യം ചെയ്തത്. സൂര്യകുമാർ യാദവിൻ്റെ പല ഷോട്ടുകളും തൻ്റെ ഏറ്റവും മികച്ച ഫോമിൽ കളിച്ച ഡിവില്ലിയേഴ്സിനെ ഓർമ്മിപ്പിക്കുന്നുവെന്ന് പോണ്ടിങ് പറഞ്ഞിരുന്നു.

” ഈ താരതമ്യം അൽപ്പം കൂടുതലായിപോയെന്ന് സൂര്യകുമാർ യാദവ് പോലും മനസ്സിലാക്കും. സൂര്യകുമാർ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുവാൻ തുടങ്ങിയതേയുള്ളൂ. അവൻ വളരെ കഴിവുള്ളവനാണ് മികച്ച പ്രകടനങ്ങൾ അവൻ പുറത്തെടുത്തിട്ടുണ്ട്. എന്നുവെച്ച് നേരെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യാനാവുമോ ? പോണ്ടിങ് അൽപ്പം കാത്തിരിക്കണമായിരുന്നു. വലിയ ടൂർണമെൻ്റുകളിൽ സൂര്യകുമാർ യാദവ് ഇതുവരെ കളിച്ചിട്ടില്ല. ഡിവില്ലിയേഴ്സിനെ പോലെ ക്രിക്കറ്റ് കളിച്ച മറ്റാരും തന്നെയില്ല എന്നതാണ് വാസ്തവം. അവൻ വിവിയൻ റിച്ചാർഡ്സിനെ പോലെയാണ്. ” സൽമാൻ ബട്ട് പറഞ്ഞു.

” ഈ അടുത്ത കാലത്തൊന്നും അവനെ പോലെ ബാറ്റ് ചെയ്യുവാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല. അവനെ പുറത്താക്കിയില്ലയെങ്കിൽ മത്സരത്തിൽ വിജയിക്കാനാകില്ലയെന്ന് എതിരാളികൾ കരുതിയിരുന്നു. മത്സരത്തിൽ അവിശ്വസനീയമായ വഴിത്തിരിവുണ്ടാക്കുവാൻ ഡിവില്ലിയേഴ്സിന് സാധിച്ചിരുന്നു. ”

” ലോക ഒന്നാം നമ്പർ താരങ്ങളായ റൂട്ടും വില്യംസണും കോഹ്ലിയും, രോഹിത് ശർമ്മയും ഉള്ളപ്പോൾ അവരെയെല്ലാം ഒഴിവാക്കി നേരെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യുക? പോണ്ടിങിന് ജെറ്റ് ലാഗ് സംഭവിച്ചുവെന്ന് ഞാൻ കരുതുന്നു. ” സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.