Skip to content

അവനെ പോലെയൊരു താരം പാകിസ്ഥാനില്ല, പാകിസ്ഥാൻ ടീമിലെ പോരായ്മ ചൂണ്ടികാട്ടി മുൻ പേസർ

ഏഷ്യ കപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഈ ഏഷ്യ കപ്പ് ഇരുടീമുകൾക്കും ശക്തി പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്.

ടൂർണമെൻ്റിന് മുൻപായി ഇന്ത്യൻ ടീമിനെയും പാകിസ്ഥാൻ ടീമിനെയും തമ്മിൽ താരതമ്യം ചെയ്ത് മുൻ പാകിസ്ഥാൻ പേസർ അക്കിബ് ജാവേദ്. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ബാറ്റിങിൽ ആണെന്നും ഇന്ത്യയ്ക്ക് പാകിസ്ഥാനെ അപേക്ഷിച്ച് പരിചയ സമ്പത്തുള്ള ബാറ്റിങ് നിരയുണ്ടെന്നും ജാവേദ് അഭിപ്രായപെട്ടു.

” ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അവരുടെ ബാറ്റിങിലാണ്. ഇന്ത്യയുടെ ബാറ്റിങ് നിര വളരെയേറെ പരിചയസമ്പന്നമാണ്. രോഹിത് ശർമ്മയെ പോലെയൊരു ബാറ്റ്സ്മാൻ ഫോമിലെത്തിയാൽ അദ്ദേഹത്തിന് ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിക്കാൻ കഴിയും. അതുപോലെ തന്നെ ഫഖർ സമാനും ഫോമിലെത്തിയാൽ പാകിസ്ഥാനും മത്സരത്തിൽ വിജയം നേടാം. എന്നാൽ മധ്യനിരയിലാണ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും വ്യത്യസ്തമാകുന്നത്. കൂടാതെ അവരുടെ ഓൾ റൗണ്ടർമാരും നിർണായകമാണ്, കാരണം ഹാർദിക് പാണ്ഡ്യയെ പോലെയൊരു ഓൾ റൗണ്ടർ പാകിസ്ഥാനില്ല. ” അകിബ് ജാവേദ് പറഞ്ഞു.

പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷം തകർപ്പൻ പ്രകടനമാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. കൂടാതെ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുവാനും പാണ്ഡ്യയ്‌ക്ക് സാധിച്ചു. ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 12 ഇന്നിങ്സിൽ നിന്നും 281 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എട്ട് വിക്കറ്റും ഈ വർഷം വീഴ്ത്തി.