Skip to content

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഞങ്ങൾ വിജയിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 2-1 ന് തങ്ങൾ വിജയിക്കുമെന്ന് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ. ബംഗ്ലാദേശിനെ ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും തകർത്തതിൻ്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയെയും പരാജയപെടുത്താൻ സാധിക്കുമെന്ന് പരമ്പരയ്ക്ക് മുൻപായി താരം പറഞ്ഞു. 2016 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ സിംബാബ്‌വെ പര്യടനം നടത്തുന്നത്.

” പരമ്പര 2-1 ന് സിംബാബ്‌വെ സ്വന്തമാക്കും. ഞങ്ങൾ പരമ്പര വിജയിക്കും. വ്യക്തിപരമായ പ്രതീക്ഷകളെ സംബന്ധിച്ച് ഈ പരമ്പരയിൽ ടോപ്പ് റൺസ് സ്കോറർ ആകാനും സെഞ്ചുറികൾ നേടുവാനും ഞാൻ ആഗ്രഹിക്കുന്നു. ലളിതമായ ലക്ഷ്യമാണ് എൻ്റെ മുൻപിലുള്ളത്. എനിക്ക് ഈ പരമ്പരയിൽ കൂടുതൽ റൺസ് നേടണം. ” കൈയ പറഞ്ഞു.

( Picture Source : Twitter )

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും റിഷഭ് പന്തും അടക്കമുളള താരങ്ങൾ ഇല്ലെങ്കിലും ഇന്ത്യ ശക്തമായ ടീം തന്നെയാണെന്നും ഇന്ത്യയ്ക്കെതിരെ വിജയിക്കുക എളുപ്പമാവില്ലയെന്നും ഇന്നസെൻ്റ് കൈയ കൂട്ടിച്ചേർത്തു.

നേരത്തെ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയും ടി20 പരമ്പരയും സിംബാബ്‌വെ സ്വന്തമാക്കിയിരുന്നു. 2013 ന് ശേഷം ആദ്യമായാണ് സിംബാബ്‌വെ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പരാജയപെടുത്തിയത്. തകർപ്പൻ ഫോമിലുള്ള സിക്കന്ദർ റാസയാണ് ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും സിംബാബ്‌വെയ്‌ക്ക് വിജയം സമ്മാനിച്ചത്.

ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറിയടക്കം 252 റൺസ് നേടിയ സിക്കന്ദർ റാസ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 127 റൺസ് നേടിയിരുന്നു.

( Picture Source : Twitter )