Skip to content

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

റോയൽ ലണ്ടൻ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. സറേയ്ക്കെതിരായ മത്സരത്തിലാണ് സസെക്സ് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ചേതേശ്വർ പുജാര സെഞ്ചുറി നേടിയത്. സെഞ്ചുറിയ്ക്കൊപ്പം തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.

( Picture Source : Twitter )

കഴിഞ്ഞ മത്സരത്തിൽ വെറും 73 പന്തിൽ സെഞ്ചുറി നേടിയ പുജാര ഇക്കുറി 103 പന്തിൽ നിന്നാണ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 131 പന്തിൽ 20 ഫോറും 5 സിക്സും അടക്കം 174 റൺസ് നേടിയാണ് മത്സരത്തിൽ ചേതേശ്വർ പുജാര പുറത്തായത്. പുജാരയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത സസെക്സ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 378 റൺസ് അടിച്ചുകൂട്ടി. 106 പന്തിൽ 104 റൺസ് നേടിയ ടോം ക്ലാർക്കാണ് പുജാരയ്ക്കൊപ്പം മത്സരത്തിൽ തിളങ്ങിയത്.

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ സസെക്സ് ടീമിന് വേണ്ടി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ബാറ്റ്സ്മാനാണ് ചേതേശ്വർ പുജാര. പുജാരയുടെ ഏറ്റവും ഉയർന്ന ലിസ്റ്റ് എ സ്കോർ കൂടിയാണിത്.

നേരത്തെ വാർവിക്ഷയറിനെതിരായ കഴിഞ്ഞ മത്സരത്തിൽ വെറും 73 പന്തിൽ നിന്നും പുജാര സെഞ്ചുറി നേടിയിരുന്നു. 79 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 107 റൺസ് നേടിയാണ് പുജാര പുറത്തായത്. റോയൽ ലണ്ടൻ കപ്പിൽ ഇതുവരെ 5 ഇന്നിങ്സിൽ നിന്നും 91.75 ശരാശരിയിൽ 120.72 സ്ട്രൈക്ക് റേറ്റിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും അടക്കം 367 റൺസ് പുജാര നേടിയിട്ടുണ്ട്.

( Picture Source : Twitter )