Skip to content

മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 15.4 ഓവറിൽ 100 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി.

( Picture Source : Twitter )

2.4 ഓവറിൽ 16 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ രവി ബിഷ്നോയും നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുൽദീപ് യാദവും 3 ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അക്ഷർ പട്ടേലുമാണ് വിൻഡീസിനെ തകർത്തത്. 35 പന്തിൽ 56 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ഹെറ്റ്മയർ കൂടാതെ 13 റൺസ് നേടിയ ബ്രൂക്സ്, 10 റൺസ് നേടിയ ഡെവൻ തോമസ് എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 പന്തിൽ 64 റൺസ് നേടിയ ശ്രേയസ് അയ്യർ, 25 പന്തിൽ 38 റൺസ് നേടിയ ദീപക് ഹൂഡ, 16 പന്തിൽ 28 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. സഞ്ജു സാംസൺ 11 പന്തിൽ 15 റൺസ് നേടി പുറത്തായപ്പോൾ ദിനേശ് കാർത്തിക് 12 റൺസ് നേടി പുറത്തായി.

( Picture Source : Twitter )

വെസ്റ്റിൻഡീസിന് വേണ്ടി ഒഡിയൻ സ്മിത്ത് നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഹെയ്ഡൻ വാൽഷ്, ഡൊമിനിക് ഡ്രേക്സ്, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter )