Skip to content

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്.

( Picture Source : Twitter )

16 പന്തിൽ 2 ഫോറും 3 സിക്സുമടക്കം 33 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ നേടിയ ഈ മൂന്ന് സിക്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കി.

508 ഇന്നിങ്സിൽ നിന്നും 476 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. മത്സരത്തിൽ നേടിയ മൂന്ന് സിക്സ് അടക്കം 427 ഇന്നിങ്സിൽ നിന്നും 477 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 551 ഇന്നിങ്സിൽ നിന്നും 553 സിക്സ് നേടിയ മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ മാത്രമാണ് ഇനി രോഹിത് ശർമ്മയ്‌ക്ക് മുൻപിലുള്ളത്.

( Picture Source : Twitter )

526 ഇന്നിങ്സിൽ നിന്നും 359 സിക്സ് നേടിയിട്ടുള്ള മഹേന്ദ്ര സിങ് ധോണിയാണ് രോഹിത് ശർമ്മയ്‌ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ താരം. 393 ഇന്നിങ്സിൽ നിന്നും 379 സിക്സ് നേടിയിട്ടുള്ള ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ് നിലവിലെ തരങ്ങളിലു രോഹിത് ശർമ്മയ്ക്ക് പിന്നിലുള്ളത്.

ഏകദിന ക്രിക്കറ്റിൽ 250 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 163 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 64 സിക്സുമാണ് നേടിയിട്ടുള്ളത്.

( Picture Source : Twitter )