തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഇന്ത്യ 4 റൺസിന് വിജയിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ വെറും 23 പന്തിൽ നിന്നും സ്മൃതി മന്ദാന ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. ഇന്ത്യൻ മെൻസ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഈ നേട്ടത്തിൽ സ്മൃതി മന്ദാന പിന്നിലാക്കിയത്.

23 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സ്മൃതി മന്ദാന 32 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 61 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു നോക്കൗട്ട് മത്സരത്തിൽ ഏറ്റവും ഫിഫ്റ്റി നേടുന്ന വനിത ബാറ്ററെന്ന റെക്കോർഡ് സ്മൃതി മന്ദാന സ്വന്തമാക്കി. 2018 ൽ ഇംഗ്ലണ്ടിനെതിരെ 27 പന്തിൽ ഫിഫ്റ്റി നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങിൻ്റെ റെക്കോർഡാണ് സ്മൃതി മന്ദാന തകർത്തത്.
പവർപ്ലേയിൽ 51 റൺസാണ് സ്മൃതി മന്ദാന അടിച്ചുകൂട്ടിയത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡ് സ്മൃതി മന്ദാന സ്വന്തമാക്കി. 2020 ൽ ന്യൂസിലൻഡിനെതിരെ പവർ പ്ലേയിൽ 50 റൺസ് നേടിയ രോഹിത് ശർമ്മയെയും കഴിഞ്ഞ ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ 50 റൺസ് നേടിയ കെ എൽ രാഹുലിനെയുമാണ് ഈ നേട്ടത്തിൽ സ്മൃതി മന്ദാന പിന്നിലാക്കിയത്.

അന്താരാഷ്ട്ര വുമൺസ് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി കൂടിയാണിത്.
Classic Smriti Mandhana in the Semi-final of Commonwealth Games. pic.twitter.com/ZfaQEb40ly
— Johns. (@CricCrazyJohns) August 6, 2022
2019 ൽ ന്യൂസിലൻഡിനെതിരെ 24 പന്തിൽ ഫിഫ്റ്റി നേടിയ തൻ്റെ തന്നെ റെക്കോർഡാണ് സെമിഫൈനലിലെ 23 ബോൾ ഫിഫ്റ്റിയോടെ സ്മൃതി മന്ദാന തിരുത്തികുറിച്ചത്. 2018 ൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ ഫിഫ്റ്റി നേടിയ സ്മൃതി തന്നെയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.
