കോമൺവെൽത്ത് ഗെയിംസ്, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, മെഡൽ ഉറപ്പിച്ചു
കോമൺവെൽത്ത് ഗെയിംസിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ 4 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചു.

27 പന്തിൽ 35 റൺസ് നേടിയ ഡാനിയേൽ വൈറ്റും 41 റൺസ് നേടിയ നാറ്റ് സ്കിവറും 24 പന്തിൽ 31 റൺസ് നേടിയ ആമി ജോൺസും മാത്രമേ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ റാണ രണ്ട് വിക്കറ്റും ദീപ്തി ശർമ്മ ഒരു വിക്കറ്റും നേടി.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 പന്തിൽ 61 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 8 ഫോറും മൂന്ന് സിക്സും സ്മൃതി മന്ദാന നേടിയ സ്മൃതി വെറും 23 പന്തിൽ നിന്നാണ് ഫിഫ്റ്റി നേടിയത്. ജെമിമ റോഡ്രിഗസ് 31 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ശക്തരായ ഇംഗ്ലണ്ട് സെമിഫൈനൽ പോരാട്ടത്തിനായി എത്തിയത്. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. ആ മത്സരത്തിൽ പരാജയപെടുന്ന ടീമിനെ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ട് നേരിടും. മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെയും ബാർബഡോസിനെയും പരാജയപെടുത്തിയാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്.
