Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി രേണുക സിങ്, ബാർബഡോസിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

കോമൺവെൽത്ത് ഗെയിംസിലെ നിർണായക പോരാട്ടത്തിൽ ബാർബഡോസിനെ 100 റൺസിന് തകർത്തുകൊണ്ട് സെമിഫൈനൽ യോഗ്യത നേടി ഇന്ത്യ. രേണുക താക്കൂർ സിങിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബാർബഡോസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : Twitter )

നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി ആദ്യ നാല് വിക്കറ്റും നേടിയ രേണുക സിങാണ് ബാർബഡോസിനെ തകർത്തത്. ഈ പ്രകടത്തോടെ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി രേണുക സിങ് മാറി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ താരം കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് നേടിയിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ദാനയെ നഷ്ടപെട്ടുവെങ്കിലും ഷഫാലി വർമ്മയും ജെമിമ റോഡ്രിഗസും ഇന്ത്യ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ 71 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഷഫാലി വർമ്മ 26 പന്തിൽ 43 റൺസ് നേടിയപ്പോൾ ജെമിമ റോഡ്രിഗസ് 46 പന്തിൽ പുറത്താകാതെ 56 റൺസ് നേടി. ക്യാപ്റ്റൻ ഹെർമൻപ്രീത് ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും 28 പന്തിൽ 34 റൺസ് നേടിയ ദീപ്തി ശർമ്മയും ജെമിമയും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.

( Picture Source : Twitter )

മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് എ യിൽ നിന്നും ഓസ്ട്രേലിയക്കൊപ്പം ഇന്ത്യ സെമിഫൈനൽ യോഗ്യത നേടി. ന്യൂസിലൻഡും ആതിഥേയരുമായ ഇംഗ്ലണ്ടുമാണ് സെമിഫൈനൽ യോഗ്യത നേടിയ മറ്റു ടീമുകൾ.

( Picture Source : Twitter )