Skip to content

ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നത് പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. സൂര്യകുമാർ യാദവിൻ്റെ ബാറ്റിങ് ശൈലിയെ സൗത്താഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്തുകൊണ്ടാണ് പാർത്ഥിവ് പട്ടേൽ സൂര്യകുമാർ യാദവിനെ പ്രശംസിച്ചത്.

44 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 76 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു. ഈ വർഷത്തെ സൂര്യകുമാർ യാദവിൻ്റെ രണ്ടാം ഫിഫ്റ്റിയാണിത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും അടക്കം ടി20 ഫോർമാറ്റിൽ ഈ വർഷം 190 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 404 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.

” അപകടസാധ്യതയുള്ള ഷോട്ടുകൾ മറ്റാരെക്കാളും നന്നായി അവൻ പായിക്കുന്നു, ടി20 ക്രിക്കറ്റിൽ നിങ്ങൾ അവസരങ്ങൾ ഉപയോഗപെടുത്തേണ്ടതുണ്ട്. സൂര്യകുമാർ യാദവിനെ പോലെ കഴിവിൽ അത്രയധികം വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ആ അവസരങ്ങൾ ഉപയോഗപെടുത്താൻ സാധിക്കൂ. നിങ്ങൾ ബൗൾ ചെയ്താൽ ബൗറെയല്ല, ഫീൽഡിന് അനുസരിച്ച് ഞാൻ കളിക്കും, എ ബി ഡിവില്ലിയേഴ്സ് ചെയ്തതിന് സമാനമാണിത്. എല്ലായ്പ്പോഴും അവൻ പന്തിൽ ശ്രദ്ധ നൽകുകയുമൃ പൊസിഷനിൽ നേരത്തെ തന്നെയെത്തുകയും ചെയ്യുന്നു. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” ഒരു ബാറ്റ്സ്മാന് നിങ്ങളെ ഫൈൻ ലെഗിലൂടെയും ലോങ് ഓഫിന് മുകളിലൂടെയും കവറിലൂടെയും ഷോട്ടുകൾ പായിക്കാൻ സാധിക്കുമെങ്കിൽ അവനായിരിക്കും ഒരു ബൗളറെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റർ. ഒരു ബാറ്റർ ലെഗ് സൈഡിൽ ശക്തനാണെങ്കിൽ നിങ്ങൾ അവനെതിരെ ഓഫ് സ്റ്റമ്പിന് വെളിയിൽ പന്തെറിയും. പക്ഷേ അപ്പോൾ മിഡ് ഓഫിന് മുകളിലൂടെയോ കവറിലൂടെയോ അവന് ബൗണ്ടറി നേടിയാലോ !! അങ്ങനെയുള്ളവർക്കെതിരെ ലെങ്തിൽ തെറ്റുകൾ വരുത്തുവാൻ പാടില്ല, സ്റ്റമ്പ് ടു സ്റ്റമ്പ് പന്തെറിയണം. സൂര്യകുമാർ യാദവ് അത്തരത്തിലുള്ള ബാറ്റ്സ്മാനാണ്. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.