ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 44 പന്തിൽ 76 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്.

( Picture Source : Twitter )

മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കയുടെ ഐയ്ഡൻ മാർക്രം, പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ എന്നിവരെയാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്.

816 റേറ്റിങ് പോയിൻ്റാണ് നിലവിൽ സൂര്യകുമാർ യാദവിനുള്ളത്. 818 പോയിൻ്റോടെ പാക് ക്യാപ്റ്റൻ ബാബർ അസമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചാൽ റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കുവാൻ സൂര്യകുമാർ യാദവിന് സാധിക്കും.

( Picture Source : Twitter )

ഈ വർഷം അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്ക് വേണ്ടി 11 ഇന്നിങ്സിൽ നിന്നും 40.40 ശരാശരിയിൽ 190 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 404 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും ഈ വർഷം താരം നേടി.

പതിനാലാം സ്ഥാനത്തുള്ള ഇഷാൻ കിഷനും പതിനാറാം സ്ഥാനത്തുള്ള രോഹിത് ശർമ്മയുമാണ് സൂര്യകുമാർ യാദവിന് ശേഷം റാങ്കിങിൽ മുൻപിലുള്ള ഇന്ത്യൻ താരങ്ങൾ. ഐസിസി ടെസ്റ്റ് റാങ്കിംങിലും ഏകദിന റാങ്കിങിലും കാര്യപെട്ട മാറ്റങ്ങൾ ഉണ്ടായില്ല.

( Picture Source : Twitter )